You are Here : Home / News Plus

'രണ്ടാമൂഴ'ത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല

Text Size  

Story Dated: Friday, February 06, 2015 11:59 hrs UTC

എം.ടി.തിരക്കഥയെഴുതി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'രണ്ടാമൂഴ'ത്തില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് സൂചന. ഹിന്ദിയിലും ഇംീഷിലുമാണ് ചിത്രം ഇപ്പോള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. എം.ടി ഇപ്പോഴും കോഴിക്കോട്ടെ സ്വന്തം ഫ്‌ളാറ്റിലിരുന്ന് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. കൂടെ സന്തത സഹചാരിയും കവിയുമായ കിളിമാനൂര്‍ മധുവുമുണ്ട്. മലയാളത്തിലാണ് തിരക്കഥ എഴുതുന്നത്. എന്നാല്‍ സിനിമ മലയാളത്തിലെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പ്പര്യമില്ല. തിരക്കഥ ഇംീഷിലേക്കും ഹിന്ദിയിലേക്കും തര്‍ജമ ചെയ്യും.
ആറു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ രണ്ടു ഭാഗങ്ങളിലായി എടുക്കാനാണ് സംവിധായകനും നിര്‍മ്മാതാക്കളും ആലോചിക്കുന്നത്. ആ രീതിയിലാണ് എം.ടി തിരക്കഥ തയ്യാറാക്കുന്നതും.
കഴിഞ്ഞ സെപ്റ്റംബറിലാണ് എം.ടി 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ എഴുതാന്‍ തുടങ്ങിയത്. എഴുത്തിനുവേണ്ടി നിര്‍മ്മാതാക്കള്‍ കുറ്റിപ്പുറത്ത് ഒരു വീട് എടുത്തുനല്‍കിയിരുന്നു. കുറച്ചുനാള്‍ മധുവുമൊന്നിച്ച് അവിടെ നിന്നെഴുതി. പിന്നീട് കോഴിക്കോട്ടെ സ്വന്തം ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു.
ഡിസംബര്‍ 31ന് തിരക്കഥ പൂര്‍ത്തിയാക്കി നല്‍കാനായിരുന്നു എം.ടി ആദ്യം ആലോചിച്ചത്. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അതു നീണ്ടു. മാര്‍ച്ച് 31 നകം തീര്‍ത്തുതരുമെന്നാണ് എം.ടി ഇപ്പോള്‍അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉറപ്പ്. ജീവിതത്തില്‍ ഏറ്റവും സ്‌ട്രെയിനെടുത്ത് എം.ടി എഴുതുന്ന തിരക്കഥ കൂടിയാണ് 'രണ്ടാമൂഴം'. സാധാരണ ഒരു തിരക്കഥയെഴുതാന്‍ എം.ടിക്ക് പത്തോ പതിനഞ്ചോ ദിവസം മതി. എന്നാല്‍ 'രണ്ടാമൂഴ'ത്തിന്റെ പകുതി ഭാഗം പൂര്‍ത്തിയാക്കാന്‍ തന്നെ നാലു മാസങ്ങളെടുത്തു.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ 'രണ്ടാമൂഴം' സിനിമയാക്കാന്‍ എം.ടിയും ഹരിഹരനും ആലോചിച്ചിരുന്നു. ഗോകുലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തു. അതിനുവേണ്ടി വണ്‍ലൈന്‍ തയ്യാറാക്കി രണ്ടുപേരും കുറെനാള്‍ ഒന്നിച്ച് ഇരുന്നു. മോഹന്‍ലാലിനെ ഭീമനാക്കാമെന്നായിരുന്നു അന്നത്തെ പ്ലാന്‍. എന്നാല്‍ ആ പ്രൊജക്ട് നീണ്ടു. ആ സമയത്താണ് ഹോളിവുഡിലും ഹിന്ദിയിലും ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞ് വന്‍ ഗ്രൂപ്പ് എം.ടിയെ സമീപിച്ചത്. സംവിധായകനായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രമെടുത്ത ശ്രീകുമാറിനെ നിശ്ചയിക്കുകയും ചെയ്തു. എം.ടി. അത് അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ മോഹന്‍ലാല്‍ തന്നെ ഭീമനാകുമെന്നായിരുന്നു കേട്ടത്. എന്നാല്‍ ഹോളിവുഡിലും ഹിന്ദിയിലും പടമെടുക്കുമ്പോള്‍ മോഹന്‍ലാലിന് അവിടെ മാര്‍ക്കറ്റുണ്ടാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥയ്ക്ക് എം.ടിക്ക് കോടികള്‍ പ്രതിഫലത്തുകയായി നല്‍കിയെന്ന് മുമ്പ് വാര്‍ത്ത പരന്നിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.