You are Here : Home / News Plus

രാധാ വധക്കേസിലെ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Text Size  

Story Dated: Thursday, February 12, 2015 03:54 hrs UTC

മഞ്ചേരി: നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ പഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ.ബിജു നായര്‍, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാര്‍ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ ചുമത്തിയ പ്രധാന വകുപ്പുകളിലെല്ലാം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2014 ഫെബ്രുവരി അഞ്ചിനു രാവിലെ കോണ്‍ഗ്രസ് ഓഫീസിലത്തെിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഫെബ്രുവരി ഒമ്പതിനു വൈകുന്നേരം രാധയുടെ മൃതദേഹം കുളത്തില്‍ പൊങ്ങി. പിറ്റേന്ന് കുളം വറ്റിച്ചു മൃതദേഹം പുറത്തെടുത്തു. അന്നു തന്നെ പ്രതികള്‍ പോലീസ് പിടിയിലായിരുന്നു.
മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫും സുഹൃത്തും അറസ്റ്റിലായതോടെ ഏറെ ഊഹാപോഹങ്ങളുയര്‍ന്ന കേസാണിത്. കേസില്‍ മന്ത്രിക്കും അദ്ദേഹത്തിന്‍െറ വിശ്വസ്തര്‍ക്കും പങ്കുണ്ടെന്നു വരെ പ്രചാരണം വന്നു. തുടര്‍ന്നാണ് പഴുതടച്ച അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്.
ഇതിന്‍െറ ഭാഗമായി മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ മകനും നഗരസഭാ അധ്യക്ഷനുമായ ആര്യാടന്‍ ഷൗക്കത്തിനെയും മന്ത്രിയുടെ ബന്ധുവും അഭിഭാഷകനുമായ ആര്യാടന്‍ ആസാദിനെയും സാക്ഷികളാക്കി വിസ്തരിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണു അന്വേഷണം പൂര്‍ത്തിയാക്കിയത്.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ടായിട്ടും അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ അസി. പൊലീസ് കമീഷണറായിരുന്ന എസ്. ശശിധരനും ഡിവൈ.എസ്.പി മോഹനചന്ദ്രനും പരിശ്രമിച്ചു. മൂന്നാമതൊരാള്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ തെളിവ് ലഭിച്ചാല്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, ബന്ധം കണ്ടെ ത്താനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.