You are Here : Home / News Plus

ട്രെയിന്‍ ദുരന്തം: അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു

Text Size  

Story Dated: Sunday, February 15, 2015 06:43 hrs UTC

ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ഹൊസൂരിന് സമീപം അപകടത്തില്‍പെട്ടതു സംബന്ധിച്ച് റെയില്‍വേ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. രണ്ടുദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ സുരക്ഷാ കമീഷണര്‍ എസ്.കെ. മിത്തലിന് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.
ശനിയാഴ്ച റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടം നടന്ന ആനേക്കല്‍ സന്ദര്‍ശിച്ചു പാളത്തിലും ബോഗികളിലും പരിശോധന നടത്തി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അപകടം സംബന്ധിച്ച് മിത്തല്‍ പൊതുജനങ്ങളില്‍നിന്ന് തെളിവെടുപ്പ് നടത്തും. ബംഗളൂരുവിലെ ഡിവിഷനല്‍ മാനേജറുടെ ഓഫിസിലാണ് തെളിവെടുപ്പ്. അപകടം, അപകട കാരണം എന്നിവയെക്കുറിച്ച് അറിവുള്ളവര്‍ ഈ ദിവസങ്ങളില്‍ ഓഫിസില്‍ എത്തി തെളിവു നല്‍കണമെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം, അപകട കാരണത്തെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ട്രാക്കില്‍ കിടന്ന പാറക്കഷണവും പെട്ടെന്ന് ബ്രേക്കിട്ടതും പാളത്തിലെ അപാകതയും അമിതവേഗവും അപകടകാരണങ്ങളായി വിലയിരുത്തുന്നുണ്ട്. എന്നാല്‍, പാളത്തില്‍ പാറക്കഷണം ഇല്ലെന്നാണ് ലോക്കോ പൈലറ്റ് എ.ടി. ഫെര്‍ണാണ്ടസ് പ്രാഥമിക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഇത്തരം പാറക്കഷണം പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുമില്ല.
മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഇവിടെ ട്രെയിനിന് അനുവദിച്ച വേഗം. അപകടം നടക്കുമ്പോള്‍ ട്രെയിന്‍ 75 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. ലോക്കോ പൈലറ്റും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റായ സുബ്രമണ്യവും അപകടം നടന്ന സ്ഥലത്തെ ഭൂപ്രകൃതിയെക്കുറിച്ച അറിവും ഏറെ പരിചയവുമുള്ളവരാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു. അപകടം നടന്നതിന് പിറകെ ലോക്കോ പൈലറ്റിനെ റെയില്‍വേ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. പാളത്തിന്‍െറ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തത് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
ചുരുക്കം ട്രെയിനുകള്‍ ഓടിയിരുന്ന ഈ ഒറ്റവരിപ്പാതയില്‍ അടുത്തിടെയായി ദിവസേന ഒമ്പത് ട്രെയിനുകള്‍ ഓടുന്നുണ്ട്. പാതകളിലെ വിള്ളലോ പാതകള്‍ തമ്മില്‍ അടുത്തതോ ആകാം കാരണമെന്നും വിലയിരുത്തലുണ്ട്. സങ്കേതിക കുഴപ്പമാണ് ഡി-8 കോച്ചിന് ഏറെ നാശം സംഭവിക്കാന്‍ ഇടയാക്കിയതെന്നും സംശയിക്കുന്നു. അപകടത്തില്‍ തകര്‍ന്ന റെയില്‍പാളം ശനിയാഴ്ച രാവിലെ ശരിപ്പെടുത്തി. ഉച്ചയോടെ ഇതുവഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.