You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

Text Size  

Story Dated: Sunday, February 15, 2015 06:55 hrs UTC

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. മുന്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് തട്ടിപ്പുകളെപ്പറ്റി വിവരങ്ങളുള്ളത്. നിലവറയിലെ 267 കിലോ സ്വര്‍ണം കാണാതായി എന്ന വെളിപ്പെടുത്തലിന് പുറമെയാണിത്.
2000-01 മുതല്‍ 2007-08 വരെയുള്ള വര്‍ഷങ്ങളിലെ അവസാന കണക്കുകള്‍ ക്ഷേത്രത്തിലില്ല. അതിനാല്‍ തന്നെ 2008ല്‍ ഓപണിങ് ബാലന്‍സ് ആയി കാണിച്ച തുക അംഗീകരിക്കാനാവില്ളെന്ന് വിനോദ് റായി സുപ്രീംകോടതിയെ അറിയിച്ചു.
ഓഡിറ്റിന് വേണ്ടിമാത്രം 2008ലെ തെറ്റായ ബാലന്‍സ് അടിസ്ഥാനമാക്കി ഒരു കണക്ക് ക്ഷേത്രത്തിന്‍െറ പേരില്‍ തന്നിരിക്കുകയാണ്. 2008-09 സാമ്പത്തിക വര്‍ഷം മുതല്‍ 2013-14 വരെയുള്ള കണക്കുകള്‍ അവസാന വര്‍ഷം എഴുതിയുണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമാണ്. അതിനാല്‍ ഈ കണക്ക് പ്രകാരമുള്ള ബാങ്ക് ബാലന്‍സാണോ ക്ഷേത്രത്തിനുള്ളതെന്ന് പറയാനാവില്ല. ക്ഷേത്രത്തില്‍ ഒരു കാഷ്ബുക്കുണ്ട്. എന്നാല്‍, കാഷ് ബുക്കില്‍ വരവിലും ചെലവിലും ഏറ്റക്കുറച്ചിലുകളും വെട്ടിത്തിരുത്തലുകളുമുണ്ട്.
ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവസാന കണക്കില്‍ എല്ലാം ശരിയാക്കുമെന്ന മറുപടിയാണ് നല്‍കിയത്. പൊതു ആവശ്യങ്ങള്‍ക്ക് പണമിടപാട് നടത്താനായി മൂന്ന് എസ്.ബി അക്കൗണ്ടുകള്‍ ക്ഷേത്രത്തിനുണ്ട്്. എന്നിട്ടും വലിയ സംഖ്യകള്‍ ഈ മൂന്ന് അക്കൗണ്ടിലുമിടാതെ കൈവശം വെക്കുകയാണ് ക്ഷേത്രം നടത്തിപ്പുകാര്‍ ചെയ്യുന്നത്. ഇത്രയും വലിയ തുക ആരും കൈവശം വെക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, ഇതിലൂടെ പലിശയിനത്തില്‍ ക്ഷേത്രത്തിന് കിട്ടുന്ന വലിയ തുക നഷ്ടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്ന് റായ് കുറ്റപ്പെടുത്തി.
കാണിക്കയുടെ കണക്കിലും സുതാര്യതയില്ല. കാണിക്ക വഞ്ചികളില്‍ നമ്പര്‍ ഇടാത്തതിനാല്‍ കൃത്രിമത്തിന് എളുപ്പമാണ്. കാണിക്ക പല സമയത്ത് തിട്ടപ്പെടുത്തിയപ്പോഴും കാണിക്ക വഞ്ചികളുടെ എണ്ണത്തില്‍ വലിയ അന്തരമുള്ളത് കൃത്രിമത്തിന്‍െറ തെളിവായി റായ് ചുണ്ടിക്കാട്ടി. ചില തവണ ആറ് കാണിക്കവഞ്ചിയിലെ കാണിക്കയുടെ കണക്ക് കാണിച്ച ക്ഷേത്രം ചില തവണ 35 കാണിക്കവഞ്ചികളിലെ കണക്ക് കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
2006 മുതല്‍ 2008 നവംബര്‍ വരെയുള്ള കാണിക്കയുടെ ഒരു കണക്കും നല്‍കാന്‍ ക്ഷേത്രം നടത്തിപ്പുകാര്‍ക്കും കണക്ക് കൈയാളുന്നവര്‍ക്കും കഴിഞ്ഞിട്ടില്ല. കാണിക്കവഞ്ചിയിലെ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുന്നതും വളഞ്ഞവഴിക്കാണ്. ബാങ്ക് അക്കൗണ്ടില്‍ ഇത് നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം ഒരു വ്യക്തിക്ക് നാണയത്തുട്ടുകള്‍ ഒരുമിച്ച് കൈമാറുകയും അതിന് പകരം നോട്ടുകള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. എന്നാല്‍, അങ്ങനെ നോട്ടുകള്‍ മാറിക്കിട്ടിയ ശേഷവും അവ പ്രത്യേക കണക്കാക്കി ബാങ്കിലിടാന്‍ തയാറാകുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മറ്റ് കറന്‍സികള്‍ക്കൊപ്പം അവ ഒരുമിച്ച് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഏതാനും ദിവസം മുമ്പ് അമിക്കസ്ക്യൂറി മുഖേന റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പുറത്തുവന്നു തുടങ്ങിയത്്. ക്ഷേത്രത്തില്‍നിന്ന് 267.272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നും വിനോദ് റായ് വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്‍െറ ആവശ്യങ്ങള്‍ക്കായി നിലവറകളില്‍ 893.644 കിലോഗ്രാം സ്വര്‍ണമാണ് ശ്രീകോവിലും കല്‍മണ്ഡപവും പൂശുന്നതിനും മറ്റുമായി പുറത്തെടുത്തതെന്നും ഇതിന്‍െറ 30 ശതമാനവും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.