You are Here : Home / News Plus

നിസാമിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുന്നതിന്‍െറ നിയമസാധ്യത ആരായുമെന്ന് ചെന്നിത്തല

Text Size  

Story Dated: Wednesday, February 18, 2015 04:45 hrs UTC

തിരുവനന്തപുരം: തൃശൂര്‍ ശോഭാസിറ്റിയില്‍ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുന്നതിന്‍െറ നിയമസാധ്യത ആരായുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നും കേസ് കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരമേഖലാ എ.ഡി. ജി.പി ശങ്കര്‍ റെഡ്ഡി കേസ് അന്വേഷണത്തിന്‍െറ മേല്‍നോട്ടം വഹിക്കും. നിസാമിന്‍െറ ധനസ്രോതസും അന്വേഷണ വിധേയമാക്കുന്നുണ്ട്. ചന്ദ്രബോസിന്‍െറ മൊഴി രേഖപ്പെടുത്തിയില്ളെന്ന വാര്‍ത്തകള്‍ നിജസ്ഥിതി മനസിലാക്കാതെയാണ്. സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ചന്ദ്രബോസിനെ മണിക്കൂറുകള്‍ക്കുള്ളില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്വപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററില്‍ കഴിയുന്ന ചന്ദ്രബോസിനെ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കി. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയ സമയത്ത് ചാവക്കാട് മജിസ്ട്രേറ്റ് ആശുപത്രിയിലത്തെിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ല. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നെന്ന ആരോപണത്തില്‍ കഴമ്പില്ല.
നിസാമിനെതിരെ 2003 മുതല്‍ 12 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. മൂന്നെണ്ണത്തില്‍ കോടതി ശിക്ഷിച്ചു. ഒരെണ്ണം കോടതിക്ക് പുറത്ത് തീര്‍പ്പായി. 2013 ല്‍ ഇയാളെ പേരാമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ മയക്കുമരുന്നു കേസ് സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുകയാണ്. ആ കേസും ചന്ദ്രബോസിന്‍െറ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കും. അഡ്വക്കറ്റ് ജനറലിന്‍െറ സഹായത്തോടെ നിസാം തനിക്കെതിരായ കേസുകള്‍ അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവിന്‍െറ ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ നടപടി എടുക്കാനാകില്ല. അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വ്യക്തമാക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.