You are Here : Home / News Plus

കുഞ്ഞനന്തനും മനോജും വായ തുറക്കുന്നത് പിണറായി ഭയക്കുന്നുവെന്ന് വി.എസ്

Text Size  

Story Dated: Wednesday, February 18, 2015 06:40 hrs UTC

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തനും മനോജും കുറ്റക്കാരും പങ്കുകാരുമാണെന്ന് തെളിഞ്ഞിട്ടും അവരെ പിണറായി വിജയന്‍ ന്യായീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതിന്‍െറ സാഹചര്യം പരിശോധിക്കപ്പെടണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം വി.എസ്. അച്യുതാനന്ദന്‍.
കുഞ്ഞനന്തനും മനോജും വായ തുറക്കുമെന്ന് ഭയന്നിട്ടല്ലേ ഇപ്പോഴും അദ്ദേഹം ഇത്തരമൊരു നിലപാട് എടുക്കുന്നതെന്നും പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ചോദിക്കുന്നു.
വി.എസിന്‍െറ അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയ സംസ്ഥാന സമ്മേളന കരട് പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സമിതി ഐകകണ്ഠ്യേന അംഗീകരിച്ചതിന് പിന്നാലെയാണ് വി.എസിന്‍െറ കത്ത് പുറത്തുവന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിക്കാനും ശരിവെക്കാനും സി.പി.എം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളോ വി.എസോ തയാറായിട്ടില്ല. ടി.പി കേസില്‍ വാടകക്കൊലയാളികള്‍ക്കൊപ്പം പാര്‍ട്ടിയംഗങ്ങളായ മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചെന്ന് കത്തില്‍ വി.എസ് ചൂണ്ടിക്കാട്ടുന്നു. ജനറല്‍ സെക്രട്ടറിയുടെ നിലപാടിന്‍െറ ഫലമായി കെ.സി. രാമചന്ദ്രനെ പുറത്താക്കി.
അതേസമയം ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിക്കുന്നു. പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍ അദ്ദേഹത്തെ നിലനിര്‍ത്തി. പുറത്താക്കപ്പെട്ടശേഷവും പി.ബിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു. ഇത് തെറ്റായിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയണം. പാര്‍ട്ടി പ്രതിരോധത്തിലാകുന്നതിന് തന്നെ പഴിചാരുന്നത് വസ്തുതകളില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. പാര്‍ട്ടി വിട്ട് ആര്‍.എം.പി രൂപവത്കരിച്ച ടി.പി. ചന്ദ്രശേഖരനെ മടക്കിക്കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് പിണറായി വിജയനാണ്. താന്‍ ഒഞ്ചിയത്ത് പോയി അവരോട് അഭ്യര്‍ഥിച്ചതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് മടങ്ങാമെന്നും ഇടം നേടാമെന്നും അവര്‍ കരുതേണ്ടെന്ന് പിണറായി പറഞ്ഞു. ഇവിടെ സെക്രട്ടറിയുടെ മനസ്സില്‍ ഉണ്ടായിരുന്നത് പാര്‍ട്ടി താല്‍പര്യമല്ല; തരംതാണ വ്യക്തിവൈരാഗ്യമാണെന്നും വി.എസ് ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.