You are Here : Home / News Plus

17 വര്‍ഷം പൂര്‍ത്തിയാക്കി പിണറായി പടിയിറങ്ങുന്നത് കണക്കുതീര്‍ത്ത്

Text Size  

Story Dated: Thursday, February 19, 2015 04:46 hrs UTC

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി പിണറായി വിജയന്‍ പടിയിറങ്ങുന്നത് തനിക്കെന്നും തലവേദന സൃഷ്ടിച്ച പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ് അച്ചുതാനന്ദനോട് കണക്കുതീര്‍ത്ത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്‍െറ തലേന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച വി.എസിനെതിരായ പ്രമേയം വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടാണ് പിണറായി വി.എസിനെതിരെ ആഞ്ഞടിച്ചത്.
വി.എസ് ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്ന വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതും തന്‍െറ ഭാഗം ന്യായീകരിക്കുന്നതുമാണ് പ്രമേയത്തിലെ ഉള്ളടക്കം. വി.എസ് സ്വാഗതസംഘം ചെയര്‍മാനായ സമ്മേളനത്തിന്‍െറ തലേന്ന് പിണറായി നടത്തിയ ഈ ആക്രമണം എട്ടു പതിറ്റാണ്ട് നീണ്ട വി.എസിന്‍െറ രാഷ്ട്രീയ ജീവിതത്തിലേറ്റ കടുത്ത തിരിച്ചടികളിലൊന്നാണ്.
സി.പി.എമ്മിലെ ശാക്തിക ചേരികളായിരുന്ന വി.എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലെ അഭിപ്രായ ഭിന്നത പരസ്യമായ രഹസ്യമാണ്. പിണറായിക്കെതിരെ പലപ്പോഴൂം വി.എസ് പരസ്യമായി തന്നെ പ്രതികരിച്ചിട്ടുമുണ്ട്. പിണറായിയെ ഡാങ്കേയോടു പോലും വി.എസ് ഉപമിച്ചിരുന്നു. എന്നാല്‍, സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന നേതാവായ വി.എസിനെ പരസ്യമായി വിമര്‍ശിക്കാന്‍ പിണറായി തയാറായിരുന്നില്ല. പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴെല്ലാം അതെല്ലാം നിങ്ങളുടെ ഭവാനാസൃഷ്ടി എന്ന മട്ടിലാണ് പിണറായി പ്രതികരിച്ചിരുന്നത്.
ഏറ്റവും ഒടുവില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്ത് പ്രമുഖ പത്രത്തില്‍ വന്നതോടയാണ് വി.എസിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കാന്‍ പിണറായി മുതിര്‍ന്നത്. അത് തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടത്തിലായത് യാദൃശ്ചികമാവാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.