You are Here : Home / News Plus

വി.എസ് തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നതായി സി.പി.എം

Text Size  

Story Dated: Thursday, February 19, 2015 05:41 hrs UTC

ആലപ്പുഴ: പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നതായി പാര്‍ട്ടി പ്രമേയം. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് വി.എസിനെതിരെ അതിശക്തമായ പ്രമേയം അംഗീകരിച്ചത്. ഈ പ്രമേയം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ് നല്‍കിയ ബദല്‍ കുറിപ്പ് മാധ്യമങ്ങളില്‍ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ പരസ്യ നിലപാടെടുത്ത് പാര്‍ട്ടി രംഗത്തു വന്നത്. വി.എസിന്‍റെ പ്രസ്താവനകളെയും നീക്കങ്ങളെയും അടിസ്ഥാന രഹിതമെന്ന് കുറ്റപ്പെടുത്തിയ പ്രമേയം വി.എസിന്‍റെ വിവാദ കത്ത് അനവസരത്തില്‍ ഉള്ളതാണെന്നും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് കത്തായി ലഭിച്ചതും അത് തള്ളിയതുമാണ്.
പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ് തരംതാണു. പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായ നിലപാട് തുടര്‍ച്ചയായി വി.എസ് സ്വീകരിക്കുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് വി.എസ് മുമ്പ് അയച്ച കത്തിലെ ഉള്ളടക്കം ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നു. 2012 ജൂലൈയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വി.എസിന്‍റെ കത്ത് പരിശോധിച്ചശേഷം അദ്ദേഹത്തെ പരസ്യമായി ശാസിച്ചതാണ്. പാര്‍ട്ടിക്കെതിരെ വി.എസ് ഉന്നയിച്ച വലതുപക്ഷ വ്യതിയാനം,ഡി.ഐ.സി സഖ്യം,പി.ഡി.പി ബന്ധം എന്നിങ്ങനെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പി.ബി മുമ്പ് തീരുമാനമെടുത്തതാണ്. ലാവ്ലിന്‍ ആരോപണവും പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്.
രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമാണ് തന്‍റെ വിയോജിപ്പിന് കാരണമെന്ന വി.എസിന്‍റെ നിലപാട് അടിസ്ഥാനമില്ലാത്താണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. വി.എസ് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ ഇകഴ്ത്തുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയാണെന്നും വിലയിരുത്തിയിരുന്നു.
പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റിയില്‍ വി.എസ് ഏറ്റു പറഞ്ഞിരുന്നുവെന്നും പിണറായി അറിയിച്ചു. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചതിന് ഒന്നിലേറെ തവണ വി.എസിനെ പരസ്യമായി ശാസിച്ചതാണ്. പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ് തരംതാണുവെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
പാര്‍ട്ടി കമ്മിറ്റിയിലേക്ക് സഖാക്കളെ എടുക്കുന്നത് അവരുടെ പ്രവര്‍ത്തനം പരിശോധിച്ചിട്ടാണ്. വി.എസിന്‍റെ കത്തില്‍ ചില പേരുകള്‍ കമ്മിറ്റിയില്‍ എടുക്കാനായി നിര്‍ദേശിച്ചിട്ടുണ്ട്. ഈ പേര് നിര്‍ദേശിക്കപ്പെട്ടവര്‍ തന്‍റെ കക്ഷത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരാണെന്ന് വിചാരിക്കേണ്ട. വിഭാഗീയത തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി മുന്നോട്ടുപോവാനാണ് പാര്‍ട്ടിയുടെ തീരുമാനം -പിണറായി പറഞ്ഞു. വി.എസ് അടക്കമുള്ള യോഗത്തില്‍ ആണ് ഈ പ്രമേയം അംഗീകരിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.