You are Here : Home / News Plus

27 ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തി വി.എസ് വിതുമ്പി

Text Size  

Story Dated: Friday, February 20, 2015 03:50 hrs UTC

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണില്‍ സി.പി.എമ്മിന്‍റെ 27 ാം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സഖാവും പുന്നപ്ര വയലാര്‍ സമരനായകനുമായ വി. എസ് അച്യുതാനന്ദന്‍ വിതുമ്പി. വികാരങ്ങളുടെ വേലിയേറ്റത്തില്‍ വി.എസിന്‍റെ കണ്ണുകള്‍ നിറഞ്ഞു. പതാക ഉയര്‍ത്തിയ ശേഷം സീറ്റില്‍ പോയിരുന്ന് അദ്ദേഹം കണ്ണ് തുടച്ചു.
സമ്മേളനതലേന്ന് പാര്‍ട്ടി വിരുദ്ധനായി തന്നെ പരസ്യമായി പ്രഖ്യാപിച്ച പിണറായി വിജയന്‍റെ പ്രവൃത്തി വി.എസിനെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു. വി.എസിന്‍റെ മനോനില പാര്‍ട്ടി വിരുദ്ധമാണെന്ന് വ്യാഴാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പ്രമേയം പാസ്സാക്കുകയും പിണറായി അത് പരസ്യമായി വിളിച്ചു പറയുകയും ചെയ്തു. മുമ്പുണ്ടാകാത്ത വിധം പിണറായിക്കെതിരെ വി.എസ് ക്ഷോഭിച്ചത് ഇക്കാരണത്താലായിരുന്നു.
പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വി.എസ് , പി.ബി ക്ക് കത്ത് നല്‍കുകയും അത് ചോര്‍ന്ന് പത്രത്തില്‍ വരികയും ചെയ്തതാണ് പൊടുന്നനെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. സമ്മേളനം പൂര്‍ണമായും വി.എസ്സിന്‍റെ കത്തിലേക്ക് വഴുതി വീഴുമോ എന്ന് പാര്‍ട്ടി ഭയപ്പെട്ടു. വി.എസ്സിനെ കടുത്ത ഭാഷയില്‍ അവഹേളിക്കുന്ന പ്രമേയം അംഗീകരിച്ച് പ്രസിദ്ധീകരണത്തിന് നല്‍കുകയാണ് ഇതിനു സി.പി.എം കണ്ട പോംവഴി. അതാകട്ടെ വെളുക്കാന്‍ തേച്ചു പാണ്ടായ അവസ്ഥയാണ് ഉണ്ടാക്കിയത്.
പിണറായിയുടെ പ്രവൃത്തിയോടെ ഈ സമ്മേളനത്തിലും ശ്രദ്ധാകേന്ദ്രം വി.എസ് തന്നെയായി. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്ത് വി.എസ് ആയിരുന്നു. അന്നൊക്കെ വി.എസിനെ അനുകൂലിക്കുന്ന ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പാര്‍ട്ടി ഏതാണ്ട് പൂര്‍ണമായി പിണറായിക്ക് അധീനപ്പെട്ട സ്ഥിതിയാണ്. വി.എസ്സിന്‍റെ ആളുകളെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയോ അവശേഷിക്കുന്നവര്‍ വി.എസ്സിനെ വിട്ട് ഒൗദ്യോഗിക പക്ഷത്ത് ചേക്കേറുകയോ ചെയ്തു . എന്നിട്ടും ഒറ്റയാള്‍ പോരാട്ടത്തിനു രണ്ടും കല്‍പിച്ച് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് വി എസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.