You are Here : Home / News Plus

അബൂദബിയിലെ തീപിടുത്തത്തില്‍ ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു

Text Size  

Story Dated: Friday, February 20, 2015 05:38 hrs UTC

അബൂദബി: അബൂദബിയിലെ മുസഫ വ്യവസായ മേഖല ഏഴില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.പാക്കിസ്താന്‍,ബംഗ്ളാദേശ്, സിറിയ സ്വദേശികളാണ് മരിച്ച മറ്റുള്ളവരെന്നാണ് സൂചന. മരിച്ചവരില്‍ മലയാളികളില്ലെന്നാണ് പ്രാഥമിക വിവരം.
മുസഫ ഏഴില്‍ ആദ്യ സിഗ്നലിന് മുമ്പുള്ള ഇരുനില കെട്ടിടമാണ് കത്തിനശിച്ചത്. പഴക്കം ചെന്ന കെട്ടിടം അഗ്നിബാധയില്‍ ഏതാണ്ട് പൂര്‍ണമായി നശിച്ചു. പുലര്‍ച്ചെ 3.30യോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ടയര്‍ഫിറ്റിങ്,കാര്‍ വര്‍ക്ക്ഷോപ്പ് അടക്കം ഏഴ് സ്ഥാപനങ്ങള്‍ കെട്ടിടത്തിന്‍െറ താഴത്തേനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാമത്തെ നിലയില്‍ വെയര്‍ഹൗസില്‍ വിവിധ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ അനധികൃതമായാണ് താമസിച്ചുവന്നതെന്ന് പൊലീസ് പറഞ്ഞു. താഴത്തേനിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. മീസാന്‍ അല്‍ വസീം എന്ന ടയര്‍ ഫിറ്റിംഗ് സ്ഥാപനത്തിനകത്ത് കിടന്നുറങ്ങുകയായിരുന്ന മൂന്ന് സിറിയന്‍ വംശജരും രണ്ട് പാകിസ്താനികളും വെന്തു മരിച്ചവരില്‍ പെടും. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. മൃതദേഹങ്ങള്‍ ഖലീഫാ ആശുപത്രി മോര്‍ച്ചറിയിലാണ്. ഗുരുതര പരിക്കേറ്റ നാലുപേരെ മഫ്റഖ് ആശുപത്രിയിലും മറ്റുള്ളവരെ അല്‍ റഹാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.