You are Here : Home / News Plus

സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി

Text Size  

Story Dated: Saturday, February 21, 2015 05:01 hrs UTC

ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വി.എസ് പോയത് പറഞ്ഞിട്ടാണെന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയതല്ലെന്നും കോടിയേരി വ്യക്തമാക്കി. സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ രണ്ടാം ദിവസത്തിലെ നടപടികള്‍ വിശദികരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ തന്നെ വി.എസ് സമ്മേളന ഹാളില്‍ എത്തിയിരുന്നു. ചായക്കുള്ള ഇടവേളക്ക് ശേഷം പുറത്ത് പോകുകയാണെന്ന് അറിയിച്ചിട്ടാണ് വി.എസ് പോയത്. പ്രതിഷേധിച്ച് പോകുകയാണെന്ന് വി.എസ് പറഞ്ഞിട്ടില്ലെന്നും കോടിയേരി അറിയിച്ചു. സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അച്ചടക്കം പരമ പ്രധാനമാണ്. പാര്‍ട്ടി അച്ചടക്കം കര്‍ശനമായി പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതിന് വിരുദ്ധമായ കാര്യങ്ങള്‍ പാര്‍ട്ടി ശക്തമായി നേരിടും. എന്നാല്‍ വി.എസ് സമ്മേളന വേദി വിട്ടു പോയത് അച്ചടക്കലംഘനമായി കാണാനാവില്ലെന്നും കോടിയേരി പറഞ്ഞു.
സി.പി.എം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സമുന്നതനായ നേതാവാണ് വി.എസ്. അദ്ദേഹം പാര്‍ട്ടിയിലുണ്ടാകുമോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. എല്ലാവരെയും കൂടെ നിര്‍ത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വി.എസ് നാളെ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നകാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന കാര്യങ്ങളെ കുറിച്ചും എല്ലാ സഖാക്കളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് തയാറാക്കിയ പ്രമേയത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടിയാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ പോളിറ്റ് ബ്യൂറോ തിരുത്തും. നാളെ പോളിറ്റ് ബ്യറോ അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് കൂടും. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ഇതില്‍ പരിഹാരം കാണുമെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.