You are Here : Home / News Plus

പ്രമേയം റദ്ദാക്കില്ല; വി.എസിന്‍െറ ആവശ്യം അവൈലബിള്‍ പി.ബി തള്ളി

Text Size  

Story Dated: Sunday, February 22, 2015 05:37 hrs UTC

ആലപ്പുഴ: വി.എസ് അച്യുതാനന്ദനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം റദ്ദാക്കില്ല. തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രമേയം പിന്‍വലിക്കണമെന്ന വി.എസിന്‍െറ ആവശ്യം അവൈലബിള്‍ പൊളിറ്റ് ബ്യൂറോ തള്ളി. പ്രമേയം കേന്ദ്ര കമ്മിറ്റിയും പി.ബിയും പിന്നീട് പരിശോധിക്കും. വി.എസ് ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും യോഗം തീരുമാനിച്ചു.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച ഉച്ചക്ക് അവസാനിച്ച ശേഷമാണ് അവൈലബ്ള്‍ പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. ഇതോടൊപ്പം പി.ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗവും ചേര്‍ന്നു.
വി.എസുമായി അനുരഞ്ജനത്തിന് പോകേണ്ടതില്ലെന്നും, പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് യോഗത്തില്‍ സംസ്ഥാന നേതൃത്വം സീകരിച്ചത്. അതേസമയം വി.എസിനെ അനുനയിപ്പിച്ച് സമ്മേളനത്തിലേക്ക് കൊണ്ടു വരണമെന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും ബൃന്ദ കാരാട്ടും കൈക്കൊണ്ടത്. സമ്മേളനത്തിന്‍െറ പൊതുവികാരം പരിഗണിക്കണമെന്ന കേരള നേതാക്കളുടെ ആവശ്യം പി.ബി അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച പ്രമേയത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും പൊതുചര്‍ച്ചയിലെ വിമര്‍ശങ്ങളെ തുടര്‍ന്നുമാണ് വി.എസ് കഴിഞ്ഞ ദിവസം സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. താന്‍ പാര്‍ട്ടിവിരുദ്ധ മാനസിക അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി തയാറാക്കിയ പ്രമേയം റദ്ദാക്കണം. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടിയംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. പി.ബിക്ക് നല്‍കിയ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കണം എന്നിവയാണ് വി.എസിന്‍െറ ആവശ്യങ്ങള്‍.
തന്‍െറ ആവശ്യങ്ങള്‍ക്കുമേല്‍ കേന്ദ്ര നേതൃത്വത്തിന്‍െറ തീരുമാനം അറിഞ്ഞശേഷം മറ്റ് നടപടികള്‍ തീരുമാനിക്കാമെന്ന നിലപാടാണ് വി.എസ് സ്വീകരിച്ചത്. പ്രമേയം റദ്ദാക്കില്ല എന്ന തീരുമാനം മുതിര്‍ന്ന നേതാക്കള്‍ വി എസിനെ അറിയിക്കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.