You are Here : Home / News Plus

പാര്‍ട്ടിവിരുദ്ധനെങ്കില്‍ എങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വി.എസ്

Text Size  

Story Dated: Monday, February 23, 2015 05:56 hrs UTC

താന്‍ പാര്‍ട്ടിവിരുദ്ധനാണെങ്കില്‍ എങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന താത്വിക ചോദ്യവുമായി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. അതുകൊണ്ട് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ല. തന്റെ ഈ നിസ്സഹായതാവസ്ഥ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതില്‍ സന്തോഷം. അതുപോലെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും നേതാക്കന്മാരായി അവരോധിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിക്കുണ്ടായ ദുഷ്‌പ്പേര് ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം :


സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി താന്‍ മനസ്സിലാക്കുന്നു. അത്രത്തോളം നല്ലത്. പി.ബി പരിശോധനയ്ക്ക് ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാന്‍ ആശിക്കുന്നു.

അതേപോലെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ മൂന്ന് പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവര്‍ക്കെതിരെ നടപടിവേണമെന്ന് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റ് രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുയാണ്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്‌പ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാന്‍ പാര്‍ട്ടിവിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഒരു പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന ബോദ്ധ്യംകൊണ്ടാണ് ഞാന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ എനിക്ക് ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നിരിക്കുകയാണ്. എന്റെ ഈ നിസ്സഹായതാവസ്ഥ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.