You are Here : Home / News Plus

വി.എസിന് എല്ലാവിധ പരിഗണനയും നല്‍കുമെന്ന് കോടിയേരി

Text Size  

Story Dated: Monday, February 23, 2015 04:08 hrs UTC

ആലപ്പുഴ: വി.എസ് അച്യുതാനന്ദന് പാര്‍ട്ടി എല്ലാവിധ പരിഗണനയും നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. ആ സ്ഥാനത്തിന്‍െറ കാര്യത്തില്‍ തക്ക സമയത്ത് തീരുമാനം എടുക്കും. വി.എസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ല. പാര്‍ട്ടി വിരുദ്ധ മനോഭാവമുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തില്ല. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വമാണ്. എന്നും പാര്‍ട്ടിക്ക് വിധേയനായിരിക്കും. ജനങ്ങളുടെയും പാര്‍ട്ടിയുടെയും ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കും. സഖാവ് പി. കൃഷ്ണപിള്ള മുതല്‍ പിണറായി വിജയന്‍ വരെയുള്ള മഹാരഥന്‍മാര്‍ ഇരുന്ന സ്ഥാനത്തേക്കാണ് തന്നെ പാര്‍ട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. അതിന്‍െറ ഗൗരവമനുസരിച്ച് പ്രവര്‍ത്തിക്കും. കഴിഞ്ഞ 16 വര്‍ഷം ശക്തമായാണ് പിണറായി പാര്‍ട്ടിയെ നയിച്ചതെന്നും കോടിയേരി പറഞ്ഞു.
വിമര്‍ശിച്ചും വഴികാട്ടിയും മാധ്യമങ്ങള്‍ സഹകരിക്കണം. തെറ്റ് തിരുത്താന്‍ സഹായിക്കണം. കേന്ദ്രസര്‍ക്കാറിന്‍െറയും സംസ്ഥാന സര്‍ക്കാറിന്‍െറയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം നയിക്കും. വര്‍ഗീയ ധ്രുവീകരണ നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ബാര്‍ കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ. എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണം. ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടികളുമായി മുഖ്യമന്ത്രി മുന്നോട്ടുപോകരുത്. ബാര്‍ കോഴ ഉള്‍പ്പടെയുള്ള യു.ഡി.എഫിന്‍െറ എല്ലാ അഴിമതിക്കെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നിയമസഭാ സമ്മേളനം ഇതിനൊരു വേദിയാകും.
വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മുന്‍കൈയെടുക്കും. പട്ടികജാതി^വര്‍ഗ വിഭാഗങ്ങള്‍, മതന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടുമെന്നും പുതിയ സെക്രട്ടറി വ്യക്തമാക്കി.
വി.എസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞദിവസം പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ജനറല്‍ സെക്രട്ടറി നേരിട്ട് അഭ്യര്‍ഥിച്ചിട്ടും വി.എസ് എത്തിയില്ല. വി.എസ്‌ സമ്മേളനത്തിന് എത്തേണ്ടിയിരുന്നു. മാധ്യമങ്ങള്‍ക്ക് നടപടിയെ കുറിച്ചാണ് അറിയേണ്ടത്. ഒമ്പതര മണിക്കൂര്‍ നടത്തിയ ചര്‍ച്ചയില്‍ വെറും 30 മിനിറ്റാണ് പാര്‍ട്ടിയെ പറ്റി സംസാരിച്ചത്. ബാക്കി സമയം വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നയങ്ങളാണ് ചര്‍ച്ചയായതെന്നും കോടിയേരി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.