You are Here : Home / News Plus

സി.പി.എം വ്യക്തികളുടെ പാര്‍ട്ടിയല്ല;വി.എസ് പാര്‍ട്ടിയുടെ അഭിവാജ്യഘടകമാണെന്ന് കാരാട്ട്

Text Size  

Story Dated: Monday, February 23, 2015 05:42 hrs UTC

ആലപ്പുഴ: സി.പി.എം വ്യക്തികളുടെ പാര്‍ട്ടിയല്ല മറിച്ച് ജനങ്ങളുടെ പൊതു സ്വത്താണെന്നും മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അഭിവാജ്യഘടകമാണെന്നും ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടിയേക്കാള്‍ വലുതല്ല വ്യക്തികള്‍. പി. കൃഷ്ണപിള്ള അടക്കമുളള മുന്‍കാല മുതിര്‍ന്ന നേതാക്കളുടെ പാത ഇതാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സമ്മേളനത്തിന്‍െറ രണ്ടാം ദിവസം വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങി. എന്നാല്‍, സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് വി.എസിനോട് താന്‍ നേരിട്ടു ആവശ്യപ്പെട്ടതാണ്. സമാപന സമ്മേളനത്തിലും റാലിയിലും അദ്ദേഹം പങ്കെടുത്തതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വി.എസ് രംഗത്തിറങ്ങണം. പാര്‍ട്ടി അച്ചടക്കം മനസിലാക്കി വി.എസ് പാര്‍ട്ടിയിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കാരാട്ട് വ്യക്തമാക്കി. സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് ആര്‍.എസ്.എസും ബി.ജെ.പിയും നേതൃത്വം നല്‍കുന്നുവെന്ന് കാരാട്ട് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.
വര്‍ഗീയ വെല്ലുവിളികള്‍ക്കെതിരെ മതനിരപേക്ഷ ശക്തിയെ കെട്ടിപ്പടുക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. മോദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കും. വലതുപക്ഷ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് സി.പി.എമ്മിന്‍െറ ജനപിന്തുണ ശക്തിപ്പെടുത്തണം. ഇതിന് കേരളാ ഘടകത്തിന് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.
കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഭരണത്തിന്‍െറ എല്ലാ മേഖലകളും അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. സോളാര്‍ കേസ് കഴിഞ്ഞപ്പോള്‍ ബാര്‍ കോഴ. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കേരളത്തിലും ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയ ദ്രൂവീകരണം നടത്താനുള്ള ഗൂഢാലോചന നടത്തുകയാണെന്നും ജനങ്ങള്‍ ജാഗരൂകരാകണമെന്നും കാരാട്ട് ആഹ്വാനം ചെയ്തു. വരും ദിവസങ്ങളില്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സി.പി.എം, എല്‍.ഡി.എഫ്, വര്‍ഗ ബഹുജന സംഘടനകള്‍ എന്നിവയുടെ പോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്നും കാരാട്ട് വ്യക്തമാക്കി.
ഒരു നേതാവിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. വ്യക്തികള്‍ വരും പോവും. ഞാന്‍ പോയാലും പാര്‍ട്ടിയുണ്ടാവും. ഒരു നേതാവും ഒരു വ്യക്തിയും പാര്‍ട്ടിക്ക് അധീതമല്ല. ഏതെങ്കിലും ഒരു നേതാവിന് പിന്നിലല്ല ജനങ്ങള്‍ അണിനിരക്കേണ്ടത്. മറിച്ച് പാര്‍ട്ടിക്ക് പിന്നിലാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സംഘടനാ മികവും വി.എസ് അച്യുതാനന്ദന്‍െറ പോര്‍വിളിയും കൊണ്ടും വാര്‍ത്തകളില്‍ ഇടംനേടിയ സി.പി.എം സംസ്ഥാന സമ്മേളനത്തിനാണ് ആലപ്പുഴയുടെ വിപ്ളവ മണ്ണില്‍ ഇന്ന് സമാപനമായത്. ഉച്ചക്ക് 12ന് വിവിധ മേഖലകളില്‍ നിന്നുള്ള ചെറു പ്രകടനങ്ങള്‍ ആലപ്പുഴ എസ്.ഡി.വി ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നതോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. 25,000 ചുവപ്പ് സേനാംഗങ്ങളുടെ പരേഡിനും ഒരു ലക്ഷം ബഹുജനങ്ങള്‍ പങ്കെടുത്ത പ്രകടനത്തിനും ശേഷമാണ് ഇ.എം.എസ് സ്റ്റേഡിയത്തില്‍ സമാനപന സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തത്.
2.30ഓടെ സമ്മേളന പ്രതിനിധികള്‍ മൂന്നുവരിയായി പി. കൃഷ്ണപിള്ള നഗറില്‍ നിന്ന് പൊതുസമ്മേളന വേദിയായ ഇ.എം.എസ് സ്റ്റേഡിയത്തിലെ പി.കെ. ചന്ദ്രാനന്ദന്‍ നഗറിലേക്ക് പ്രകടനമായി നീങ്ങി. പ്രകടനത്തിന് പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വാഗതസംഘം ഭാരവാഹികളും നേതൃത്വം നല്‍കി. പി.കെ. ചന്ദ്രാനന്ദന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചുവപ്പ് സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.