You are Here : Home / News Plus

ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം;മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയാവും

Text Size  

Story Dated: Tuesday, February 24, 2015 05:46 hrs UTC

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പി.ഡി.പി -ബി.ജെ.പി സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് അധികാരമേല്‍ക്കുമെന്ന് സൂചന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സഖ്യത്തിന് വഴിതെളിഞ്ഞത്. പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയാകും. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളും ചേര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കശ്മീരിലെ പ്രത്യേക സൈനിക അധികാരം, ആര്‍ട്ടിക്ള്‍ 370 എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയില്‍ പരിഹരിച്ചതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണവുമായി ഇരു പാര്‍ട്ടികളും മുന്നോട്ടു പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മെഹബൂബ മുഫ്തി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും സര്‍ക്കാറിന്‍െറ പൊതു മിനിമം പരിപാടി പ്രഖ്യാപിക്കുക.
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒന്നര മാസം പിന്നിട്ട ശേഷമാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാകുന്നത്. ബി.ജെ.പി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിലാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 87 അംഗ സഭയിലേക്ക് പി.ഡി.പി 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 25 സീറ്റു നേടി രണ്ടാം കക്ഷിയായി. സര്‍ക്കാര്‍ രൂപവത്കരിക്കാനാവശ്യമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാതായതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പി.ഡി.പി തീരുമാനിക്കുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.