You are Here : Home / News Plus

സര്‍ക്കാരിന് ഒറ്റ മതമേയുള്ളൂ.‘ഒന്നാമതായി ഇന്ത്യ’എന്നുള്ളതാണെന്ന് മോദി

Text Size  

Story Dated: Friday, February 27, 2015 06:01 hrs UTC

ന്യൂഡല്‍ഹി: തന്‍റെ സര്‍ക്കാരിന് ഒറ്റ മതമേയുള്ളൂ. അത് ‘ഒന്നാമതായി ഇന്ത്യ’ എന്നുള്ളതാണ്. ഒരു മത ഗ്രന്ഥമേയുള്ളൂ. അത് ഭരണഘടനയാണ്. ഒരു പ്രാര്‍ഥനയേയുള്ളൂ. അത് എല്ലാവര്‍ക്കും ക്ഷേമം എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മതത്തിന്‍െറ പേരില്‍ വിവേചനം കാണിക്കാന്‍ ആര്‍ക്കും അവകാശമില്ല. കൊടിയുടെ നിറം നോക്കിയല്ല ഈ സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. ത്രിവര്‍ണ പതാകയാണ് നമ്മെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്‍െറ നയമെന്ന് പറഞ്ഞ പ്രധാനമന്ത്രി, യു.പി.എ സര്‍ക്കാരിന്‍െറ നയങ്ങളെ പരിഹസിക്കാനും മറന്നില്ല. അനേകം വര്‍ഷം അധികാരത്തിലിരുന്ന ഒരു പാര്‍ട്ടിക്ക് പാവപ്പെട്ട മനുഷ്യന് നല്‍കാന്‍ സാധിച്ചത് അവനെ കുഴിയെടുക്കാന്‍ പഠിപ്പിച്ചതു മാത്രമാണ്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സമ്പൂര്‍ണ പരാജയമാണ്. ഈ പദ്ധതി അവസാനിപ്പിച്ചോ എന്ന ചോദ്യം തുടര്‍ച്ചയായി ഉയരുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്‍െറ പരാജയത്തിന് തെളിവെന്നോണം ഇത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മോദി പറഞ്ഞു.
കള്ളപ്പണത്തെ കുറിച്ച് ഇന്ന് രാജ്യം സംസാരിച്ചു തുടങ്ങി. അതുതന്നെ വലിയ കാര്യമാണ്. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഈ സര്‍ക്കാരിന്‍െറ ആദ്യത്തെ മന്ത്രിസഭാ യോഗം തന്നെ തീരുമാനിച്ചത് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാനാണ്. സ്വിസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടുന്ന ധനകാര്യമന്ത്രിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വിമര്‍ശങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്ക് വിമര്‍ശിക്കാം. ചോദ്യം ചെയ്യാം. പക്ഷെ ഞാന്‍ നല്ലൊരു രാഷ്ട്രീയക്കാരനാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.