You are Here : Home / News Plus

2014ല്‍ അബ്കാരി,മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന

Text Size  

Story Dated: Sunday, March 01, 2015 07:13 hrs UTC

പാലക്കാട്: 2014ല്‍ സംസ്ഥാനത്ത് അബ്കാരി, മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍ ഉള്‍പ്പെടെ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് 2233 എന്‍.ഡി.പി.എസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട്) കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അബ്കാരി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 52,051 കേസുകള്‍ പൊലീസ് എടുത്തു. ഇവയുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് എടുത്ത കേസുകള്‍ ഇതിനു പുറമെ വരും. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കു പ്രകാരം എന്‍.ഡി.പി.എസ് കേസുകള്‍ 2008ല്‍ വെറും 508ഉം 2009ല്‍ 649ഉം മാത്രമായിരുന്നു. 2010ല്‍ 769ഉം 2011ല്‍ 693ഉം 2012ല്‍ 696ഉം 2013ല്‍ 974ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2008ല്‍ അബ്കാരി കേസുകള്‍ 10,176 മാത്രമായിരുന്നു. 2009ല്‍ 20213ഉം 2010ല്‍ 37896ഉം 2011ല്‍ 42747ഉം ആയി കേസുകള്‍ വര്‍ധിച്ചു. 2012ല്‍ 52283ഉം 2013ല്‍ 48828ഉം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഗാംബ്ളിങ് ആക്ട് പ്രകാരം ചൂതാട്ടക്കാര്‍ക്കെതിരെ 3806ഉം ആയുധ നിയമപ്രകാരം 271ഉം കേസുകള്‍ എടുത്തിട്ടുണ്ട്. 6110 സംഘട്ടനങ്ങളുണ്ടായി. സ്ഫോടക വസ്തു നിയമപ്രകാരം കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 443 കേസുകള്‍. 2012ല്‍ 443ഉം 2013ല്‍ 462ഉം കേസുകള്‍ ഈ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നു. 2014ല്‍ പാസ്പോര്‍ട്ട് ആക്ട് പ്രകാരം 167ഉം രജിസ്ട്രേഷന്‍ ഓഫ് ഫോറിനേഴ്സ് നിയമപ്രകാരം 25ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 19 സ്ത്രീധന മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീധന നിരോധന നിയമപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍ മാത്രമാണ്. പൗരാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഒരു കേസുപോലും ഉണ്ടായിട്ടില്ല. എസ്.സി/എസ്.ടി ആക്ട് പ്രകാരം 86 കേസുകള്‍ എടുത്തു. അവശ്യവസ്തു നിയമപ്രകാരം 279 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 കള്ളനോട്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2014ല്‍ സംസ്ഥാനത്ത് 323 കൊലപാതകങ്ങളും 674 കൊലപാതക ശ്രമങ്ങളുമുണ്ടായതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. 3177 കവര്‍ച്ചയും 838 പിടിച്ചുപറിയും അരങ്ങേറി. 64 ആയുധം ചൂണ്ടിയുള്ള കവര്‍ച്ച നടന്നു. 1450 വാഹനമോഷണം ഉള്‍പ്പെടെ 4329 മോഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.