You are Here : Home / News Plus

സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ വി.എസ് പങ്കെടുക്കില്ല

Text Size  

Story Dated: Sunday, March 01, 2015 05:31 hrs UTC

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് വി.എസിന്‍റെ തീരുമാനം. വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ തീരുമാനം വരുന്നത് വരെ ഈ നിലപാടു തുടരാനാണ് തീരുമാനം. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതിരുന്ന വിഎസിനെ കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
തന്നെ പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രമേയം മരവിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പൊളിറ്റ്ബ്യൂറോക്ക് മുന്നില്‍ വി.എസ്. ഉന്നയിച്ചിത്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനത്തെുടര്‍ന്ന് ആലപ്പുഴയിലെ സംസ്ഥാനസമ്മേളന വേദിയില്‍നിന്ന് വി.എസ് ഇറങ്ങിപ്പോയിരുന്നു.
സംസ്ഥാന സമ്മേളനത്തിനു ശേഷം ചേരുന്ന പുതിയ സിപിഎം സംസ്ഥാന സമിതിയുടെ ആദ്യ യോഗത്തില്‍ നിന്നാണ് വിഎസ് വിട്ടു നില്‍ക്കുന്നത്. 88 അംഗ സംസ്ഥാന സമിതിയില്‍ വിഎസിനെ ഉദ്ദേശിച്ച് ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്.
വി.എസിന്‍റെ ആവശ്യങ്ങള്‍ സംബന്ധിച്ച് മാര്‍ച്ച് 20, 21 എന്നീ ദിവസങ്ങളില്‍ ചേരുന്ന പൊളിറ്റ്ബ്യൂറോ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള അടവുനയത്തിന്‍്റേയും രാഷ്ട്രീയപ്രമേയത്തിന്‍്റേയും കരടുകളില്‍ വരുത്തേണ്ട ഭേദഗതികളാണ് രണ്ടു ദിവസത്തെ സംസ്ഥാനസമിതിയോഗത്തിന്‍റെ പ്രധാന അജണ്ട. എം.ബി.രാജേഷ്, എം.സ്വരാജ്, വി.ശിവന്‍കുട്ടി, ടി.പി വധക്കേസില്‍ ആരോപണം നേരിട്ട പി.മോഹനന്‍ തുടങ്ങി 15 അംഗങ്ങള്‍ സംസ്ഥാനസമിതിയില്‍ പുതുമുഖങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.