You are Here : Home / News Plus

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു

Text Size  

Story Dated: Monday, March 02, 2015 04:28 hrs UTC

കോട്ടയം: ട്രേഡ് യൂണിയന്‍ നേതാവും ദേശീയ നിര്‍വാഹക സമിതിയംഗവുമായ കാനം രാജേന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് കാനത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിന്‍െറ ഘട്ടംവരെ എത്തിയെങ്കിലും അവസാന നിമിഷം എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.ഇ ഇസ്മായില്‍ പിന്മാറുകയായിരുന്നു. നിലവില്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയാണ് കാനം രാജേന്ദ്രന്‍. പന്ന്യന്‍ രവീന്ദ്രന്‍െറ പിന്‍ഗാമിയായാണു കാനം സെക്രട്ടറി പദവിയില്‍ എത്തുന്നത്.
സി.കെ ചന്ദ്രപ്പന്‍െറ മരണശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി കാനം രാജേന്ദ്രനും സി. ദിവാകരനും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍, കാനം പിന്മാറുകയും സമവായ സ്ഥാനാര്‍ഥിയായി പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുകയുമായിരുന്നു. അതിനാല്‍ ഇത്തവണ സെക്രട്ടറി പദവിയില്‍ കാനത്തിന് മുന്‍ഗണന നല്‍കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍െറ അഭിപ്രായം.
കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന വാര്‍ത്തകള്‍ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സമവായ ശ്രമത്തിലായിരുന്നു സി.പി.ഐ കേന്ദ്ര നേതൃത്വം. 14 ജില്ലാ കമ്മിറ്റികളില്‍ എട്ടെണ്ണത്തിന്‍െറ പിന്തുണയിലാണ് ഇസ്മായില്‍ മത്സര രംഗത്തേക്കു വന്നത്. കേന്ദ്ര നേതൃത്വം കാനത്തിന്‍െറ പേര് സംസ്ഥാന കൗണ്‍സിലിന് മുമ്പില്‍ വെക്കുകയായിരുന്നു. കൗണ്‍സിലിലെ ഒരു വിഭാഗം എതിര്‍ സ്ഥാനാര്‍ഥിയായി ഇസ്മായിലിന്‍െറ പേരും നിര്‍ദേശിച്ചു. തുടര്‍ന്നു വോട്ടെടുപ്പിനായി ബാലറ്റ് പേപ്പര്‍ അടക്കമുള്ള തയാറെടുപ്പുകളും നടത്തി. ഇതിനിടെ, ഇസ്മായില്‍ മത്സരത്തില്‍ നിന്നു പിന്മാറുകയും കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശത്തിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കുകയുമായിരുന്നു.
കൂടാതെ 89 അംഗ സംസ്ഥാന കൗണ്‍സിലിനും ഒമ്പതംഗ കണ്‍ട്രോള്‍ കമ്മീഷനും സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.