You are Here : Home / News Plus

അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫിക്കക്ക് 201 റണ്‍സ് വിജയം

Text Size  

Story Dated: Tuesday, March 03, 2015 03:56 hrs UTC

കാന്‍ബറ: അട്ടിമറി ഭീഷണിയുമായി വന്ന അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫിക്കക്ക് 201 റണ്‍സ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 411 റണ്‍സിന് മറുപടിയായി ബാറ്റിങിനിറങ്ങിയ ഐറിഷ് പടക്ക് 210 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 45 ഓവറില്‍ അയര്‍ലന്‍ഡ് ടീം ഓള്‍ ഒൗട്ടാവുകയായിരുന്നു. ബാല്‍ബിണി(58 ), കെവിന്‍ ഒബ്രിയന്‍(48) എന്നിവരാണ് അയര്‍ലന്‍ഡ് ടീമിലെ ടോപ് സ്കോറര്‍മാര്‍. പോര്‍ട്ടിഫീല്‍ഡ് (12), നിലല്‍ ഒബ്രിയന്‍(14), ഡോക്റല്‍ (25), സോറന്‍സെന്‍ (22) എന്നിവര്‍ക്കു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 21 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ അബോട്ടാണ് ഐറിഷ് സംഘത്തെ തകര്‍ത്തത്. 100ാം ഏകദിനത്തിനിറങ്ങിയ ഡെയില്‍ സ്റ്റെയിനും സഹതാരം മോണി മോര്‍ക്കലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി അബോട്ടിന് പിന്തുണയേകി. 159 റണ്‍സെടുത്ത ഹാഷിം അംലയാണ് കളിയിലെ കേമന്‍.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തിരുന്നു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ഓപണര്‍ ഹാഷിം ആംലയും ഫാഫ് ഡുപ്ളെസിയും സെഞ്ച്വറി നേടി. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 400 കടക്കുന്നത്.
സ്കോര്‍ 12ലെ ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് ഒരുമിച്ച ആംലയും ഡുപ്ളെസിയും വിക്കറ്റ് പോവാതെ ദക്ഷിണാഫ്രിക്കയെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. ആംല 128 പന്തില്‍ നാല് സിക്സറും 16 ഫോറുമടക്കം 159 റണ്‍സെടുത്ത് പുറത്തായി. മക്ബ്രെയിനായിരുന്നു വിക്കറ്റ്. ഒരു സിക്സും പത്ത് ഫോറുമടക്കമാണ് ഡുപ്ളെസി 109 റണ്‍സെടുത്തത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 247 റണ്‍സിന്‍െറ കൂട്ടുകെട്ടുണ്ടാക്കി.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സ് ഒമ്പത് പന്തില്‍ 24 റണ്‍സെടുത്തു പുറത്തായി. റണ്ട് സിക്സറും ഒരു ഫോറും ഡിവിലിയേഴ്സ് നേടി. ഡേവിഡ് മില്ലര്‍ 46ഉം റിലി റൂസ്സോ 39 പന്തില്‍ 61ഉം റണ്‍സെടുത്ത് പുറത്തായി. അയര്‍ലന്‍ഡിനുവേണ്ടി മക്ബ്രെയ്ന്‍ രണ്ട് വിക്കറ്റെടുത്തു. കെവിന്‍ ഒബ്രിയന്‍, മൂണി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.