You are Here : Home / News Plus

വിവാദ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്യുമെന്ന് ബി.ബി.സി

Text Size  

Story Dated: Wednesday, March 04, 2015 06:27 hrs UTC

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ വിലക്ക് മറികടന്ന് വിവാദ ഡോക്യുമെന്‍ററി ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3:30 ന് ബി.ബി.സി സംപ്രേഷണം ചെയ്യും. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്‍റെ അഭിമുഖം ഉള്‍പെടുന്ന ഡോക്യുമെന്‍ററിയാണ് സംപ്രേഷണം ചെയ്യുന്നത്. ബി.ബി.സിക്കുവേണ്ടി തയാറാക്കിയ ഡോക്യൂമെന്‍ററി സംപ്രേഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. അഭിമുഖത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.
ബി.ബി.സി ചാനലിനായുള്ള ഡോക്യുമെന്‍ററിക്കായാണ് ബ്രിട്ടീഷ് ചലച്ചിത്രകാരി ലെസ്ലി യുഡ്വിന്‍ പ്രതി മുകേഷ് സിങ്ങുമായി അഭിമുഖം നടത്തിയത്. വിവദത്തിന്‍െറ പശ്ചാത്തലത്തില്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിശദീകരണം തേടി. അഭിമുഖത്തിന് അനുമതി നല്‍കിയപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
ഡോക്യുമെന്‍ററിക്കെതിരെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കിയിരുന്നു.
ബലാത്സംഗത്തിന്‍െറ ഉത്തരവാദി കൊല്ലപ്പെട്ട പെണ്‍കുട്ടിയാണെന്നും അവള്‍ നിശ്ശബ്ദമായി സഹകരിക്കുകയായിരുന്നു വേണ്ടതെന്നുമാണ് പ്രതി അഭിമുഖത്തില്‍ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.