You are Here : Home / News Plus

അഫ്ഗാനിസ്താനെതിരെ ആസ്ട്രേലിയക്ക് റെക്കോര്‍ഡ് ജയം

Text Size  

Story Dated: Wednesday, March 04, 2015 06:34 hrs UTC

പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരെ ആസ്ട്രേലിയക്ക് 275 റണ്‍സിന്‍െറ റെക്കോര്‍ഡ് ജയം. ഓസിസ് ഉയര്‍ത്തിയ 417 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് ബാറ്റു വീശിയ അഫ്ഗാന്‍ നിര 142 റണ്‍സെടുക്കുന്നതിനിടെ 37.3 ഓവറില്‍ പുറത്താവുകയായിരുന്നു. ലോകകപ്പിലെ ഏറ്റവും വലിയ വിജയം. ലോകകപ്പില്‍ ഒരു ടീമിന്‍െറ ഏറ്റവും വലിയ സ്കോര്‍, ഏകദിനത്തിലെ ആസ്ട്രേലിയയുടെ ഏറ്റവും വലിയ വിജയം എന്നീ റെക്കോര്‍ഡുകളാണ് ഇന്നത്തെ മത്സരത്തില്‍ നിന്ന് പിറന്നത്.
നവ്റോസ് മംഗള്‍ (33) , ജിബുല്ല സദ്രന്‍ (24) എന്നിവരാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍മാര്‍. ഓസിസിനായി മിച്ചല്‍ ജോണ്‍സണ്‍ നാലും സ്റ്റാര്‍ക്കും ഹസില്‍വുഡും രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി. ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം. ഉസ്മാന്‍ ഗനിയും (12) ജാവേദ് അഹ്മദിയും (11) ചേര്‍ന്നെടുത്ത 30 റണ്‍സാണ് അഫ്ഗാന്‍ നിരയുടെ വലിയ കൂട്ടുകെട്ട്.
നേരത്തേ ബാറ്റിങിനിറങ്ങിയ ആസ്ട്രേലിയ 417 റണ്‍സെന്ന വമ്പന്‍ സ്കോര്‍ ഉയര്‍ത്തിയിരുന്നു . 133 പന്തില്‍ നിന്നും 178 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിന്‍െറ മികവിലാണ് ഓസിസ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്.  വമ്പന്‍ സ്കോര്‍ നേട്ടത്തിലൂടെ 2007ല്‍ ഇന്ത്യ ബര്‍മുഡക്കെതിരെ നേടിയ 413 റണ്‍സിന്‍െറ റെക്കോര്‍ഡാണ് കംഗാരുക്കള്‍ തകര്‍ത്തത്.
19 ബൗണ്ടറിയും 5 സിക്സുമടങ്ങുന്നതായിരുന്നു വാര്‍ണറിന്‍െറ ഇന്നിങ്സ്. സ്റ്റീവന്‍ സ്മിത്ത് (95), ഗ്ളെന്‍ മാക്സ് വെല്‍ (88) എന്നിവര്‍ വാര്‍ണറിന് മികച്ച പിന്തുണ നല്‍കി. ആരോണ്‍ ഫിഞ്ച് (4), ജെയിംസ് ഫോക്നര്‍ (7), മിച്ചല്‍ മാര്‍ഷ് (8), ബ്രാഡ് ഹഡിന്‍ (20) എന്നിവരാണ് ഓസിസിന്‍െറ മറ്റു സ്കോറര്‍മാര്‍. നേരത്തേ ടോസ് നേടിയ അഫ്ഗാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു ചേര്‍ന്ന വാര്‍ണര്‍- സ്മിത്ത് സഖ്യം 34.3 ഓവറില്‍ നിന്നായി 260 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മാക്സ് വെലിനൊപ്പം സ്മിത്ത് 65 റണ്‍സും കൂട്ടിച്ചേര്‍ത്തു. ദവ്ലത്ത് സദ്രാന്‍, ഷാപുര്‍ സദ്രാന്‍ എന്നിവര്‍ ഓസിസിന്‍െറ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.