ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. യഥാസമയം മുന്നറിയിപ്പ് നല്കാഞ്ഞതും, ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാഞ്ഞതും, മത്സ്യത്തൊഴിലാളികളെ അവഹേളിച്ച സഹപ്രവര്‍ത്തകരെ തിരുത്താഞ്ഞതും എല്ലാം ദുരിത ബാധിതരോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക മനോഭാവം വെളിപ്പെടുത്തുന്നു. അനുതാപമില്ലാതെ സഹതാപം മാത്രം പ്രകടിപ്പിക്കുന്ന ഭരണാധികാരിക്കേ ഇങ്ങനെ പെരുമാറാനാകൂ.ഉറ്റവരേയും ഉടയവരേയും നഷ്ടമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍ കിടന്ന് വലയുമ്പോഴാണ് അവര്‍ക്ക് അവകാശപ്പെട്ട പണം മുഖ്യമന്ത്രി ധൂര്‍ത്തടിക്കുന്നത്. മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും ഇത് സാധ്യമാണോയെന്നും കുമ്മനം ചോദിച്ചു.
Comments