കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ കഴിഞ്ഞ രണ്ടു ദിവസം സല്മാന് ഖാനു വേണ്ടിയൊരുക്കിയത് വന്‍ സൗകര്യങ്ങളെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജയിലിലെ ആദ്യ ദിനം എയര്കൂളറുള്ള റൂമിലാണ് സല്‍മാനെ ഇരുത്തിയത്. അവിടെ ടിവിയടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. സല്മാന് ജയില്‍ അധികൃതരുമായി ധാരണയിലെത്തിയിരുന്നു. ഡെപ്യൂട്ടി ഇന്‍സ്പെക്ടറുടെ കുടുംബം സല്‍മാനെ സന്ദര്‍ശിച്ചു. ജയിലറുടെ കുട്ടികള്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ റൂമില്‍ ഉപയോഗിച്ചിരുന്ന എയര്‍കൂളറാണ് സല്മാന് നല്‍കിയത്. പുകവലി ശീലമുള്ള താരത്തിന് സിഗരറ്റും എത്തിച്ച് നല്കി.
കുടുംബാംഗങ്ങളും താരങ്ങളുമുള്‍പ്പെടെ വലിയ നിര താരത്തെ കാണാനെത്തി. അഭിഭാഷകന് ഹസ്തി മാല് ശരാവത്ത്, പ്രീതി സിന്റ, സഹോദരിമാരായ അര്‍പ്പിത, അല്‍വിര, ബോഡിഗാര്‍ഡ് ഷേര എന്നിവര്‍ ജയിലില്‍ ഏറെ നേരം ചിലവഴിച്ചു. ഷേരയും പ്രീതിയും സന്ദര്‍ശകര്‍ക്കുള്ള സമയം കഴിഞ്ഞും ജയിലില്‍ ചിലവഴിച്ചത് വിവാദമായിട്ടുണ്ട്.
വൈകുന്നേരം വ്യായാമം ചെയ്യാനുള്ള സൗകര്യവും ജയില്‍ അധികൃതര്‍ ഒരുക്കി കൊടുത്തു. മറ്റ് ജയില്‍ പുള്ളികള്‍ക്ക് നല്‍കാത്ത സൗകര്യമാണിത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ജോധ്പൂര്‍ ഡിഐജി വിക്രം സിങ് പറഞ്ഞു. സല്മാന് ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇപ്പോള്‍ ജാമ്യത്തിലാണ് താരം. 25000 രൂപയുടെ രണ്ട് ആള്‍ജാമ്യവും, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നിവയുമാണ് ജാമ്യവ്യവസ്ഥകള്‍. വൈകിട്ട് അഞ്ചരയോടെ താരം ജയില്‍മോചിതനായി.
Comments