ബൗണ്‍സര്‍ തലയ്ക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു. സിഡ്നിയിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു ഹ്യൂസ്. രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 25-കാരനായ ഹ്യൂസ് കോമ അവസ്ഥയിലായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു. പ്രമുഖ ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം ഹ്യൂസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയിരുന്നു.
ചൊവ്വാഴ്ച ഷഫീല്‍ഡ് ഷീല്‍ഡ് കപ്പില്‍ ന്യു സൗത്ത് വെയ്ല്‍സിനെതിരേ ബാറ്റ് ചെയ്യുമ്പോഴാണ് സൗത്ത് ഓസ്ട്രേലിയന്‍ താരം ഹ്യൂസിന് പന്ത് കൊണ്ട് പരിക്കേറ്റത്. സീന്‍ അബോട്ട് എറിഞ്ഞ പന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹ്യൂസിന്റെ ഇടതു ചെവിയുടെ താഴെയായി കൊള്ളുകയായിരുന്നു. ബോധം കെട്ടു വീണ താരത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഹ്യൂസിന്റെ മരണവിവരം ക്രിക്കറ്റ് ഓസ്ട്രേലിയയാണ് പുറത്തുവിട്ടത്.
Comments