നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചയാളെ സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്:ആര്.ടി.സിയില്‍ നിന്ന് കണ്ടക്ടറായി വിരമിച്ച തിരുവനന്തപുരം പേട്ട സ്വദേശി സതീഷ് മുദ്രാവാക്യം വിളിച്ചത്. സഭയുടെ സന്ദര്ശനഗ്യാലറിയില് ബഹളംവയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ചട്ടവിരുദ്ധമാണ് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഉടനെ യൂണിഫോമിലല്ലാത്ത ഒരു വാച്ച് ആന്‍ഡ് വാര്‍ഡ് ഓടിയെത്തി പ്രതിഷേധിച്ചയാളെ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇയാള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ച് വായ പൊത്തി പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞാണ് സഹായിക്കാന്‍ മറ്റൊരാള്‍ വന്നത്. പ്രതിഷേധക്കാരനെ ബലമായി പിടിച്ചുകൊണ്ടുപോകരുതെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡ് ചെവിക്കൊണ്ടില്ല. അംഗങ്ങള്‍ പ്രശ്നത്തില്‍ ഇടപെടരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബലപ്രയോഗത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും അദ്ദേഹം റൂളിങ് നല്കി.
Comments