ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതി ഷഹനൂര്‍ ആലം അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി അസമിലെ നല്‍ബാരി ജില്ലയില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ആലമിനെ അറസ്റ്റു ചെയ്തത്. പ്രതി അസമിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.എ അസം പൊലീസുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.
ജമാ അത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നത് ഷഹനൂര്‍ ആലമാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി. കേസില്‍ നേരത്തെ അറസ്റ്റിലായ സാജിദില്‍ നിന്നും ലഭിച്ച സൂചനയെ തുടര്‍ന്നാണ് ഷഹനൂര്‍ ആലത്തിനെ പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ആലമിന്റെ ഭാര്യയെ കഴിഞ്ഞ മാസം എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു. അസാമിലെ ഛതല സ്വദേശിയാണ് ആലം.
Comments