You are Here : Home / News Plus

സുധീരന്‍റെ പ്രവര്‍ത്തന ശൈലി പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി രാഹുലിന് മുമ്പില്‍ പരാതി

Text Size  

Story Dated: Wednesday, December 10, 2014 05:04 hrs UTC

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കുന്നതായി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതി. ഹ്രസ്വ സന്ദര്‍ശനത്തിന് സംസ്ഥാനത്ത് എത്തിയ രാഹുല്‍ ഗാന്ധിയെ പ്രത്യേകമായി കണ്ടാണ് മന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടിനേതാക്കളും സുധീരന്‍റെ ശൈലിയില്‍ അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രാഹുലിനെ വെവ്വേറെ കണ്ടു .
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു വരെ കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായാണ് മുന്നോട്ടു പോയിരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പല വിഷയങ്ങളിലും സുധീരന്‍െറ ഏകപക്ഷീയ നിലപാട് സര്‍ക്കാരിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ് ഒറ്റക്കല്ല സംസ്ഥാനം ഭരിക്കുന്നത്. യു.ഡി.എഫിലെ ഘടക കക്ഷികളുടെ അഭിപ്രായം കണക്കിലെടുത്തേ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റൂ.
സര്‍ക്കാരും പാര്‍ട്ടിയും രണ്ടു തട്ടിലാണെന്ന പ്രതീതി സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താനോ അംഗീകരിപ്പിക്കാനോ കഴിയുന്നില്ല. ചില തീരുമാനങ്ങള്‍ കടുംപിടുത്തത്തിന്‍റെ പേരിലാണ് കൈക്കൊള്ളേണ്ടി വന്നത്. അത് തിരുത്താന്‍ ശ്രമിക്കുമ്പോഴും കടുംപിടുത്തം തടസ്സമാകുന്നു .
സി.പി.എമ്മിലെ പ്രതിസന്ധി മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാഷ്ര്ടീയ അജണ്ട ഇല്ലാത്തതാണ് കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ ശൈലീമാറ്റം കൂടിയേ തീരൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ അറിയിച്ചു.
കെ.പി.സി.സി യോഗത്തില്‍ പ്രസംഗിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പരോക്ഷമായി ശൈലീ മാറ്റത്തില്‍ ഊന്നിയാണ് അവസാനിപ്പിച്ചത്. ബംഗാളിലെ പോലെ കേരളത്തിലും സി.പി.എമ്മിന്‍്റെ തകര്‍ച്ച ബി.ജെ.പിയാണ് മുതലെടുക്കുന്നതെന്ന് രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല. കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വന്ന മധ്യ വര്‍ഗ്ഗത്തിന്‍്റെ താല്‍പര്യം കണക്കിലെടുക്കാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. അവരുടെ വിചാര വികാരങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല . ബി.ജെ.പി യുടെ നേതൃത്വത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ശക്തിയായ ശ്രമം നടക്കുന്നുണ്ട് . അത് തടയാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് മനസ്സിലാകാന്‍ വേണ്ടി പൂര്‍ണമായും ഇംഗ്ളീഷിലാണ് ചെന്നിത്തല പ്രസംഗിച്ചത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.