You are Here : Home / News Plus

കായല്‍ കയ്യേറ്റത്തിലേക്ക് ജനശ്രദ്ധ ക്ഷണിച്ച് തോമസ് ഐസക്

Text Size  

Story Dated: Tuesday, March 10, 2015 05:05 hrs UTC

കേരളത്തില്‍ നടക്കുന്ന കായല്‍ കയ്യേറ്റത്തിലേക്ക് ജനശ്രദ്ധ ക്ഷണിച്ച് തോമസ് ഐസക് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കയര്‍ ബഹുജന മാര്‍ച്ചിന്‍റെ സമാപന ദിവസത്തില്‍ അദ്ദേഹം കണ്ട കാഴ്ചയില്‍ ആണ് കായല്‍ കയ്യേറ്റവും ഇടം പടിച്ചത്. തിരുവനന്തപുരത്തെ ഇടവ പഞ്ചായത്തിലെ കാപ്പിലെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ നടയറ കായലിന്‍റെ പകുതി ഭാഗം കയ്യേറിയുള്ള അനധികൃത നിര്‍മാണം കണ്ട് താന്‍ അല്‍ഭുതപ്പെട്ട് പോയെന്നും തോമസ് ഐസക് എഴുതി. സുപ്രീംകോടതി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് അടക്കം നല്‍കിയ നോട്ടീസിനുപോലും നാട്ടില്‍ പുല്ലുവിലയാണെന്നും സ്ഥലം എം.എല്‍.എ പ്രസിഡന്‍റായ പ്രിയദര്‍ശിനി ബോട്ട് ക്ളബിന്‍റെ പേരിലാണ് ഈ നിയമ വിരുദ്ധ നിര്‍മാണം എന്നറിയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് പറയുന്ന അദ്ദേഹം കയ്യേറ്റം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അറിയിച്ചു. കായല്‍ കയ്യേറ്റത്തിന്‍റെ ചിത്രങ്ങളോടെയാണ് ഫേസ്ബുക്കില്‍ തോമസ് ഐസക് ആഞ്ഞടിച്ചത്.
എന്നാല്‍, പ്രിയദര്‍ശിനി ബോട്ട് ക്ളബിനെ പരമാര്‍ശിച്ചതിനാല്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ പോസ്റ്റിനു താഴെ തോമസ് ഐസകിന് മറുപടി നല്‍കിയതോടെ തുടര്‍ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. പ്രിയദര്‍ശിനി ബോട്ട് ക്ളബ് എന്നത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന മറുപടിയില്‍ താന്‍ അതിന്‍റെ പ്രസിഡന്‍റോ സെക്രട്ടറിയോ അല്ളെന്നും ആരാണ് കായല്‍ കയ്യേറിയതെന്ന് എന്നാണ് തോമസ് ഐസക് ആരോപിക്കുന്നതെന്നും ചോദിക്കുന്നു.
പ്രിയദര്‍ശനി ബോട്ട് ക്ളബിന്‍റെ ഭാരവാഹി സ്ഥലം എം.എല്‍.എ ആണെന്നറിഞ്ഞതില്‍ നിന്നാണ് താന്‍ കഹാറിനെ പരാമര്‍ശിച്ചതെന്നും അത് പിശകാണെങ്കില്‍ ഖേദിക്കുന്നുവെന്നും മറുപടി പോസ്റ്റില്‍ ഐസക് പറഞ്ഞു. എന്നിരുന്നാലും അങ്ങയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ നിയമ ലംഘനം നടത്തുന്നത് എന്ന് അങ്ങ് സമ്മതിക്കുന്നുവെന്ന് ഐസക് പ്രതികരിച്ചതോടെ എം.എല്‍.എമാര്‍ തമ്മിലുള്ള ചര്‍ച്ച പൊതുജനങ്ങള്‍ ഏറ്റെടുത്തു. വന്‍ ഷെയറിങ്ങും ലൈക്കുമാണ് തോമസ് ഐസക്കിന്‍റെ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.