You are Here : Home / News Plus

മാണി 116 കോടിയുടെ അഴിമതി നടത്തിയതായി വി.ശിവന്‍കുട്ടി

Text Size  

Story Dated: Tuesday, March 10, 2015 05:42 hrs UTC

തിരുവനന്തപുരം: റവന്യൂ റിക്കവറി സ്റ്റേ ചെയ്തുകൊണ്ട് ധനമന്ത്രി കെ.എം മാണി 116 കോടിയുടെ അഴിമതി നടത്തിയതായി വി. ശിവന്‍കുട്ടി എം.എല്‍. എ ആരോപിച്ചു. റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് വ്യാപാരികളില്‍ നിന്ന് മാണി 11.61 കോടി രൂപ കൈപ്പറ്റിയതായും ശിവന്‍കുട്ടി ആരോപിച്ചു.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് മാണി റവന്യൂ റിക്കവറിക്ക് സ്റ്റേ നല്‍കിയത്. റവന്യൂ റിക്കവറിക്ക് സ്റ്റേ അനുവദിച്ചതിലൂടെ സര്‍ക്കാറിന് ലഭിക്കേണ്ട 116 കോടി നഷ്ടപ്പെടുത്തി. 2014 മാര്‍ച്ച് ഒന്ന് വരെയുള്ള കണക്കനുസരിച്ച് 211 വ്യാപാരികള്‍ക്ക് ഇതിന്‍െറ ആനുകൂല്യം ലഭിച്ചെന്നും വി.ശിവന്‍കുട്ടി എം.എല്‍.എ പറഞ്ഞു. മന്ത്രി എന്ന പദവി ഉപയോഗിച്ചാണ് മാണി റവന്യൂ റിക്കവറിക്ക് സ്റ്റേ നല്‍കിയത്. തനിക്ക് വേണ്ടപ്പെട്ടവരുടെ റവന്യൂ റിക്കവറിക്കാണ് സ്റ്റേ നല്‍കിയതെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച രേഖകള്‍ അദ്ദേഹം നിയമസഭയില്‍ സമര്‍പ്പിച്ചു.
ബാര്‍ കോഴക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മാണിയുടെ മരുമകന്‍ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാവ് ബിജു രമേശുമായി നടത്തുന്ന സംഭാഷണങ്ങളുടെ സി.ഡിയും ശിവന്‍കുട്ടി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
ഒരു മണിക്കൂര്‍ 54 മിനിട്ട് ദൈര്‍ഘ്യമുള്ള സി.ഡിയില്‍ ബാറുടമകളുടെ യോഗത്തിലെ സംഭാഷണങ്ങളുമുണ്ട്. ബാര്‍കോഴക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജു രമേശിന് പത്ത് കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മാണി സാറിന്‍െറ മുഴുവന്‍ സ്വത്തും നല്‍കിയാലും കേസില്‍ നിന്ന് പിന്‍മാറില്ളെന്ന് ബിജു രമേശ് പറയുന്ന ഭാഗവും സി.ഡിയിലുണ്ടെന്ന് ശിവന്‍കുട്ടി പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലത്തെ മാണിയുടെ സ്വത്തിനെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. 1965 മത്സരിക്കുമ്പോള്‍ മാണി നല്‍കിയ രേഖപ്രകാരം 2.58 ഹെക്ടര്‍ ഭൂമി മാത്രമാണ് മാണിയുടെ സ്വത്ത്. കോട്ടയത്തും പാലായിലും കോടികള്‍ വില വരുന്ന സ്വത്ത് ഇപ്പോഴുണ്ട്. മാണിയുടെ വരുമാനവും ആസ്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. കേരളത്തിലെ റിലയന്‍സാണ് മാണിയെന്നും ശിവന്‍കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.