You are Here : Home / News Plus

ശിവന്‍കുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് മാണി

Text Size  

Story Dated: Tuesday, March 10, 2015 05:49 hrs UTC

തിരുവനന്തപുരം: തനിക്കെതിരെ വി.ശിവന്‍കുട്ടി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് ധനമന്ത്രി കെ.എം. മാണി. ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് ശിവന്‍കുട്ടിയുടെ ആരോപണം. അധികാരമില്ലാതെ റവന്യൂ റിക്കവറിക്ക് സ്റ്റേ നല്‍കിയെന്ന അദ്ദേഹത്തിന്‍െറ ആരോപണം അറിവില്ലായ്മ കൊണ്ടാണ്. വാണിജ്യവകുപ്പിലെ നികുതികുടിശ്ശിക റവന്യൂ റിക്കവറിയാകുമ്പോള്‍ തുകയുടെ 30 ശതമാനം കെട്ടിവെച്ച് ബാക്കി പത്ത് തവണകളായി അടയ്ക്കാന്‍ അനുമതിനല്‍കുന്നതിന് മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. ഇതുപ്രകാരം ഉപാധികളോടെ മാത്രമേ സ്റ്റേ നല്‍കിയിട്ടുള്ളൂ. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അന്നത്തെ ധനമന്ത്രി ഒരു ഉപാധികളുമില്ലാതെയാണ് സ്റ്റേ നല്‍കിയത്. വാണിജ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എടുക്കുന്ന റവന്യൂ റിക്കവറി നടപടികളില്‍ സ്റ്റേ നല്‍കാനുള്ള അധികാരം ധനമന്ത്രിക്കാണ്. ഇനിമുതല്‍ റവന്യൂ റിക്കവറിക്ക് ആദ്യ ഗഡു 40 ശതമാനവും പന്ത്രണ്ട് തവണയുമാക്കാന്‍ മുഖ്യമന്ത്രി അനുമതിനല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
തനിക്ക് ഒരുമകനും അഞ്ച് പെണ്‍മക്കളുമാണുള്ളത്. സ്റ്റീഫന്‍ എന്നൊരു മരുമകന്‍ തനിക്കില്ല. ഇല്ലാത്ത മരുമകന്‍െറ പേരിലാണ് ശിവന്‍കുട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാലാഴി ടയേഴ്സ് ആരോപണം പഴങ്കഥയാണ്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ വിജിലന്‍സും സഹകരണവകുപ്പും അന്വേഷണം നടത്തി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞതാണ്. വിജിലന്‍സ് കോടതിയില്‍ ശിവന്‍കുട്ടി കേസ് ഫയല്‍ ചെയ്തിരിക്കേ അവിടെ തെളിവ് നല്‍കാതെ നിയമസഭയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ആരോപണം പറഞ്ഞുനടക്കുന്നത് കോടതി നടപടികളിലെ ഇടപെടലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ശിവന്‍കുട്ടി വലിയ വിലകൊടുക്കേണ്ടിവരുമെന്നും മന്ത്രി മാണി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.