You are Here : Home / News Plus

ക്രിസ്ത്യന്‍, മുസ്ലിം പള്ളികളെ അധിക്ഷേപിച്ച് സുബ്രഹ്മണ്യം സ്വാമി

Text Size  

Story Dated: Sunday, March 15, 2015 06:07 hrs UTC

ഗുവാഹതി: ക്രിസ്ത്യന്‍, മുസ്ലിം പള്ളികളെ അധിക്ഷേപിച്ച് അസമിലെ ഗുവാഹതിയില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. മതസ്പര്‍ധ വളര്‍ത്തുന്നതാണ് സ്വാമിയുടെ പ്രസംഗമെന്നാരോപിച്ച് ക്രിഷക് മുക്തി സംഗ്രാം സമിതി സമര്‍പ്പിച്ച പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ശനിയാഴ്ച ഗുവാഹതിയിലെ സ്വകാര്യ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പള്ളികള്‍ക്കെതിരെ കടന്നാക്രമണം നടത്തിയത്. പള്ളികള്‍ മതപരമായ സ്ഥലമല്ലെന്നും അത് വെറും കെട്ടിടമാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാമെന്നുമായിരുന്നു സ്വാമിയുടെ പ്രസംഗം. ലോകത്തെല്ലായിടത്തും മോസ്ക്കുകള്‍ കാലികമായി തകര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് കാലത്തുപോലും ഇന്ത്യയില്‍ മോസ്ക്കുകള്‍ തകര്‍ത്തിട്ടുണ്ട്. ദൈവം അമ്പലങ്ങളിലാണ് വസിക്കുന്നത്. പള്ളികളിലോ മോസ്ക്കുകളിലോ അല്ല. പള്ളികള്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനുള്ള കേവല കെട്ടിടം മാത്രമാണ് -സുബ്രമണ്യന്‍ സ്വാമി പ്രസംഗത്തില്‍ പറഞ്ഞു.
സ്വാമിയുടെ പ്രസ്താവന അസംബന്ധമെന്ന് വിശേഷിപ്പിച്ച അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, മോസ്ക്കുകളും ചര്‍ച്ചുകളും അമ്പലങ്ങളും കേവലം ആരാധനക്കുള്ള സ്ഥലങ്ങള്‍ മാത്രമല്ലെന്നും അത് വിശുദ്ധ സ്ഥലങ്ങളാണെന്നും പറഞ്ഞു. ന്യൂനപക്ഷ സംഘടനയായ അഖിലേന്ത്യാ ഐക്യജനാധിപത്യ മുന്നണി (എ.ഐ.യു.ഡി.എഫ്) വര്‍ഗീയ പ്രസ്താവനകളില്‍ സ്വാമി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സ്വാമിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അസം ഗണ പരിഷത്ത് പ്രസിഡന്‍റ് അതുല്‍ ബോറയും സ്വാമിക്കെതിരെ രംഗത്തുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.