You are Here : Home / News Plus

കോഴക്കേസ് കൈകാര്യം ചെയ്തതില്‍ മാണിക്ക് വീഴ്ചപറ്റിയെന്ന് ചന്ദ്രചൂഡന്‍

Text Size  

Story Dated: Thursday, March 19, 2015 06:01 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കൈകാര്യംചെയ്തതില്‍ മന്ത്രി കെ.എം. മാണിക്ക് വീഴ്ചപറ്റിയെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. ബിജു രമേശിന് അയച്ച വക്കീല്‍ നോട്ടീസിന് മറുപടികിട്ടിയ ശേഷം കോടതിയില്‍ കേസ് നല്‍കാന്‍ മൂന്നരമാസം വൈകിയത് സംശയങ്ങള്‍ക്കിടയാക്കി. ഇത് ഒഴിവാക്കാമായിരുന്നു. ആര്‍.എസ്.പിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രചൂഡന്‍.
ബാര്‍ കോഴയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് കമീഷനെ നിയോഗിച്ചിരുന്നു. ടി.പി വധത്തെക്കുറിച്ച സി.പി.എം റിപ്പോര്‍ട്ടും തിരുവനന്തപുരം സീറ്റ് സംബന്ധിച്ച സി.പി.ഐ റിപ്പോര്‍ട്ടും പോലെ ആ റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല. ലയനത്തിനുശേഷം ആര്‍.എസ്.പി എം.എല്‍.എമാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ അധികാരത്തില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് യു.ഡി.എഫില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു എം.എല്‍.എ മാത്രമുള്ള പാര്‍ട്ടികള്‍ പോലും നല്ല വകുപ്പുകള്‍ കൊണ്ടുനടക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അരുവിക്കര വിട്ടുനല്‍കുന്നതിനുപകരം കൂടുതല്‍ സീറ്റുകള്‍ ആര്‍.എസ്.പിക്ക് നല്‍കണമെന്നും യു.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫ് ജനാധിപത്യപരമായല്ല പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ്,കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ ഏതാനും ചില നേതാക്കള്‍ എടുക്കുന്ന തീരുമാനം മറ്റുള്ളവരെ അറിയിക്കുന്ന നടപടി മാത്രമാണ് നടക്കുന്നത്. ഇതിന് മാറ്റംവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുന്നണിമാറ്റം കേന്ദ്രകമ്മിറ്റി പൂര്‍ണമനസ്സോടെ അംഗീകരിച്ചതല്ല. എന്നാല്‍ കേരള ഘടകത്തിന് മറ്റ് വഴികളില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷികളെ ശോഷിപ്പിച്ച് പ്രത്യുല്‍പാദനം നടത്താനാവാത്ത സ്ഥിതിയിലത്തെിക്കുകയാണ് സി.പി.എം ചെയ്യുന്നത്. എല്ലാ പാര്‍ട്ടികളെയും സി.പി.എം പിളര്‍ത്തും. ആവശ്യം കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യും. ഏത് പാര്‍ട്ടിയെ മുന്നണിയിലെടുത്താലും സി.പി.എമ്മിന്‍െറ സീറ്റ് വിട്ടുകൊടുക്കാതെ ഘടകകക്ഷികളുടെ സീറ്റാണ് അവര്‍ക്ക് നല്‍കുകയെന്ന് അദ്ദേഹം ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.