You are Here : Home / News Plus

യൂസുഫലി കേച്ചേരി അന്തരിച്ചു

Text Size  

Story Dated: Saturday, March 21, 2015 04:20 hrs UTC

കൊച്ചി: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ യൂസഫലി കേച്ചേരി (83) അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരം 5.35ഓടെയായിരുന്നു അന്ത്യം. കടുത്ത പ്രമേഹവും ശ്വാസകോശ അണുബാധയും വ്യക്കസംബന്ധമായ രോഗത്തെയും തുടര്‍ന്ന് അദ്ദേഹത്തെ ജനുവരി 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1963ല്‍ 'മൂടുപടം' എന്ന ചിത്രത്തിന് വേണ്ടി ബാബുരാജ് സംഗീതം നല്‍കി ആലപിച്ച 'മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി' എന്ന ഗാനത്തിലൂടയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അമ്മു, കദീജ, ഉദ്യോഗസ്ഥ എന്നീ ചിത്രങ്ങള്‍ക്കും ഗാനങ്ങളെഴുതി. കദീജയിലെ 'സുറുമയെഴുതിയ മിഴികളെ', ഉദ്യോഗസ്ഥയിലെ 'അനുഗാര ഗാനം പോലെ' എന്നിവ അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചു. 1971 ല്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'മരം' എന്ന ചിത്രത്തിലെ 'പതിനാലാം രാവുദിച്ചത് മാനത്തോ' എന്ന ഗാനമാണ് ചലച്ചിത്ര രംഗത്ത് സ്ഥാനം അരക്കെട്ടുറപ്പിച്ചത്. 'മഴ' എന്ന ചിത്രത്തിലെ ഗാനരചനക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസുഫലി സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്‍റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പിന്നീട് ബി.എല്‍ നേടി അഭിഭാഷകനായി ജോലിചെയ്തു. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ബാലപംക്തിയില്‍ ആദ്യ കവിത 'കൃതാര്‍ത്ഥന്‍ ഞാന്‍' പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃത പണ്ഡിതന്‍ കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ സംസ്കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രനഥം 'സൈനബ' യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും എഴുതിയിട്ടുണ്ട്. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്‍റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യ രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. നീലത്താമര (1979), വനദേവത (1976), മരം (1971) എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
സൈനബ, സ്തന്യ ബ്രഹ്മം,ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം), അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ,ആലില, കഥയെ പ്രേമിച്ച കവിത,ഹജ്ജിന്‍െറ മതേതര ദര്‍ശനം,പേരറിയാത്ത നൊമ്പരം എന്നിവയാണ് കൃതികള്‍. മൂടുപടം (1962), ഈറ്റ (1978), ശരപഞ്ചരം (1979), പിന്‍നിലാവ് (1983),ഇനിയെങ്കിലും (1983), ഇതിലേ ഇനിയും വരൂ (1986),ധ്വനി, പട്ടണപ്രവേശം (1988),ഗസല്‍, സര്‍ഗം (1992), പരിണയം (1994),ചിത്രശലഭം (1998), ദാദാ സാഹിബ് (2000),മഴ (2000), കരുമാടിക്കുട്ടന്‍ (2001), ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ (2002), ചൂണ്ട (2003) എന്നിവയാണ് ഗാനരചന നിര്‍വഹിച്ച പ്രധാന സിനിമകള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കള്‍: ബയ്ജിയ, ഹസീന, സബീന, സൂരജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.