You are Here : Home / News Plus

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, March 24, 2015 04:53 hrs UTC

തിരുവനന്തപുരം: കേന്ദ്രത്തിന്‍െറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ വര്‍ഗീയവത്കരണ തന്ത്രം പയറ്റി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കേന്ദ്ര സര്‍ക്കാറിന്‍െറ ജനദ്രോഹനയങ്ങള്‍ക്കെതിരായ രണ്ടാംഘട്ട സമരത്തിന്‍െറ ഭാഗമായി ഏജീസ് ഓഫിസിന് മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ലഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലത്തെിയ മോദി സര്‍ക്കാര്‍ ദുര്‍ദിനങ്ങളാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വരുത്തുന്ന ഭേദഗതിയിലും മരുന്നുവില നിയന്ത്രണം ഒഴിവാക്കിയതിലും ഇതാണ് കാണാനാവുന്നത്. കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ കര്‍ഷകജീവിതം പണയംവെക്കുന്ന തരത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നത്. ഇതിനെല്ലാം എതിരെ ജനരോഷം രൂപപ്പെടുമ്പോള്‍ വര്‍ഗീയവത്കരണമെന്ന തന്ത്രത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും സുധീരന്‍ പറഞ്ഞു.
ഭരണഘടനയില്‍ ചേര്‍ത്തിട്ടുള്ള മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ പോലും പരസ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാക്കുന്നു. ഗാന്ധിജിയെ തമസ്കരിച്ച് ഗോദ്സെയെ മഹത്വവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവും അരുന്ധതി റോയിയും ഗാന്ധിനിന്ദ ഫാഷനാക്കിയിരിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ അവര്‍ തയാറായതിന് പിന്നില്‍ മോദി സര്‍ക്കാര്‍ വളര്‍ത്തിയെടുത്ത അന്തരീക്ഷമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.