You are Here : Home / News Plus

ഇന്ത്യ-ഓസ്ട്രേലിയ തീ പാറും പോരാട്ടം നാളെ

Text Size  

Story Dated: Wednesday, March 25, 2015 04:11 hrs UTC

സിഡ്നി: ക്രിക്കറ്റിന്‍െറ ലോകകിരീടത്തിലേക്കുള്ള രണ്ടാം സെമിപോരാട്ടം നാളെ സിഡ്നിയില്‍. ആതിഥേയരായ ഓസീസും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും തമ്മിലുള്ള മത്സരത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനായിരിക്കും സിഡ്നി സാക്ഷ്യം വഹിക്കുക.
 
ലോക ക്രിക്കറ്റിലെ രണ്ടു വന്‍ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കെന്ന കാര്യം അനിശ്ചിതമാണ്. പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത മത്സരമാണിത്. ഈ ലോകകപ്പില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ സെമിയിലത്തെിയതെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം തോറ്റാണ് കംഗാരുക്കള്‍ സെമി ഫൈനലിനത്തെിയത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇരുടീമുകളും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ എഴു തവണ ജയം ഓസീസിനൊപ്പമായിരുന്നു.
 
കൊല്‍ക്കത്ത, ലണ്ടന്‍, ജൊഹനസ് ബര്‍ഗ്, ബ്രിഡ്ജ് ടൗണ്‍ എന്നീ വേദികളിലെ ലോക കിരീട നേട്ടം 29 ന് മെല്‍ബണിലും ആവര്‍ത്തിക്കുന്നതില്‍ കുറഞ്ഞതൊന്നും കംഗാരുക്കള്‍ ലക്ഷ്യമിടുന്നില്ല. 1983 ല്‍ ലണ്ടനില്‍ കപിലും സംഘവും ലോകകപ്പ് നേടിയതിന് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2011 ല്‍ മുംബൈ വാങ്കഡെയില്‍ ധോണിയും സംഘവും കപ്പുയര്‍ത്തിയത്.
സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരം എന്നതാണ് ഓസീസിനെ ഫേവറേറ്റുകളാക്കുന്നത്, എന്നാല്‍ എസ്.സി.ജിയില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ആരവങ്ങളുയര്‍ത്താന്‍ നീലക്കടല്‍ വന്നാല്‍ ഗതി മാറും. ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെന്നതും ഓസിസിനെ ശ്രദ്ധേയമാക്കുന്നു. ലോകകപ്പിനു മുമ്പ് നടന്ന ത്രിരാഷ്ര്ട പരമ്പരയില്‍ വിജയം കൊയ്യാനായതും മികച്ച ബാറ്റ്സ്മാന്മാരുടെ സംഘവും ഓസീസിന് ആത്മ വിശ്വാസമേകുന്ന ഘടകങ്ങളാണ്. ടൂര്‍ണമെന്‍റില്‍ കിവീസിനോട് തോല്‍വി പിണഞ്ഞതു മാത്രമാണ് ഓസീസിന് കയ്പേറിയ അനുഭവമായുള്ളത്.
മികച്ച ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഇന്ത്യയുടെ ശക്തി. രണ്ടു സെഞ്ച്വറികളുമായി ശിഖര്‍ ധവാനും വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന എന്നിവര്‍ ഓരോ സെഞ്ച്വറികളുമായും ഈ ലോകകപ്പില്‍  തിളങ്ങി മികവ് പുറത്തെടുത്തതാണ്. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍്റ് മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ എന്നിവരുടെ കയ്യില്‍ ഭദ്രമാണ്. സിഡ്നിയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളാണുള്ളത്.
ഡേവിഡ് വാര്‍ണര്‍, ഗ്ളെന്‍ മാക്സ് വെല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ സെഞ്ച്വറിയുമായി തങ്ങളുടെ ബാറ്റിങ് മികവ് തെളിയിച്ചു കഴിഞ്ഞു. മൂന്നാം സ്ഥാനത്തിറങ്ങുന്ന സ്റ്റീവന്‍ സ്മിത്തിന്‍്റെ സാന്നിദ്ധ്യവും കംഗാരുക്കള്‍ക്ക് പ്രതീക്ഷയേകുന്നു.
സിഡ്നിയില്‍ ഓസീസിനെതിരെ നടന്ന 13 ഏകദിന മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്ക് വിജയം കൈവരിക്കാനായിട്ടുള്ളൂ. അതും ഏഴ് വര്‍ഷം മുമ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസീസ് തോല്‍വി അറിഞ്ഞിട്ടില്ല. ഏതായാലും ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്, ലോകക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമായുള്ള വീറുറ്റ മത്സരത്തിനായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.