You are Here : Home / News Plus

കെ.എം മാണി-പി.സി ജോര്‍ജ് പോര് പൊട്ടിത്തെറിയിലേക്ക്

Text Size  

Story Dated: Thursday, March 26, 2015 03:30 hrs UTC

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന കെ.എം മാണി-പി.സി ജോര്‍ജ് പോര് പൊട്ടിത്തെറിയിലേക്ക്. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന മാണി അനുകൂലികളുടെ നിലപാട് ഇന്നു തിരുവനന്തപുരത്ത് നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം അംഗീകരിക്കുകയും മാണിയും പി.ജെ ജോസഫും മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചതുമാണ് ഏറ്റവും പുതിയ സംഭവവികാസം.
എന്നാല്‍, തന്നെ ഉള്‍പ്പെടുത്താതെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം വിളിച്ചത് ജനാധിപത്യ ലംഘനവും സാമാന്യ മര്യാദയില്ലായ്മയുമാണെന്ന് പി.സി ജോര്‍ജ് കോട്ടയത്ത് പ്രതികരിച്ചു. കെ.എം മാണിക്ക് തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഒരു ഫോണ്‍ കോളിന്‍െറ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
പഴയ കേരള കോണ്‍ഗ്രസ് സെക്കുലര്‍ വിഭാഗത്തില്‍പ്പെട്ട ജോര്‍ജ് അനുകൂലികള്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന നിലപാടിലാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള മാണി അനുകൂലികള്‍.
എന്നാല്‍, പാര്‍ട്ടിയില്‍ നിന്നു പുറത്തായാല്‍തന്നെ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടാത്തതിനാല്‍ ജോര്‍ജ് കൂടുതല്‍ സുരക്ഷിതമാവുകയാണ് ഉണ്ടാവുകയെന്നും അതിനാല്‍ മുന്നണിയെ ബാധിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കരുതെന്നുമാണ് കോണ്‍ഗ്രസ് മാണിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.