നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകാതെ വിചാരണ തുടങ്ങരുതെന്നാണ് ദിലീപിന്റെ ആവശ്യം. പ്രതിയെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇരു ഹര്‍ജികളും നാളെ പരിഗണിക്കും.
ഈ മാസം 14ന് നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. തനിക്ക് രേഖകള്‍ ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കിയിട്ടില്ലെന്നും ദിലീപ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചി നഗരത്തില്‍ വച്ച് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടന് ദിലീപ് ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി ഇയാളും സഹായി മാര്‍ട്ടിനും ജയിലിലാണ്. എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.
Comments