ശാസ്ത്രത്തേക്കാള്‍ ശക്തവും കേമവും ജ്യോതിഷമാണെന്ന് ബി.ജെ.പി. എം.പി.യും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേഷ് പൊഖ്റിയാല്.
ലോക്സഭയില്‍ സ്കൂള്‍ ഓഫ് പ് ളാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു വിവാദത്തിന് വഴിവച്ചുകൊണ്ടുള്ള പൊഖ്റിയാലിന്റെ പരമാര്‍ശം.കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ വിവാദ പ്രസംഗത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം ശമിക്കുംമുന്പാണ് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള പൊഖ്റിയാലിന്റെ അഭിപ്രായപ്രകടനം.
ജ്യോതിഷമാണ് ഏറ്റവും വലിയ ശാസ്ത്രം. എത്രയോ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിച്ചെടുക്കാന്‍ അതിന് കഴിയും. ഇങ്ങനെയുള്ള ജ്യോതിഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റേതൊരു ശാസ്ത്രശാഖയും എത്രയോ ചെറുതാണ്. ഇതിനെക്കുറിച്ച് ഒരു സംവാദം തന്നെ ആവശ്യമാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കണാദന്‍ ആണുപരീക്ഷണം നടത്തിയിട്ടുണ്ട്-പൊഖ്റിയാല് പറഞ്ഞു.
Comments