You are Here : Home / News Plus

കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു

Text Size  

Story Dated: Thursday, December 04, 2014 04:50 hrs UTC

കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
ശ്രേഷ്ഠനായ നിയമജ്ഞനും പ്രഗത്ഭനായ അഭിഭാഷകനും അതുല്യനായ തത്ത്വജ്ഞാനിയും എല്ലാത്തിലുമുപരി അസാധാരണമായ വ്യക്തിത്വവുമായിരുന്നു കൃഷ്ണയ്യര്‍. അദ്ദേഹത്തിന് മുന്നില്‍ നമിക്കുന്നു. അദ്ദേഹത്തിന്‍െറ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ. കുടുംബത്തിന്‍െറ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു.
ഗവര്‍ണര്‍ പി. സദാശിവം
പണത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത ന്യായാധിപനായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. നീതിവഴിയില്‍ കരുത്തനായ പോരാളിയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കേരളത്തിന്‍െറ മനഃസാക്ഷിയായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. അദ്ദേഹത്തിന്‍െറ ഉത്തരവുകളെല്ലാം നിയമത്തിന്‍െറ ജനപക്ഷത്ത് നിന്നുള്ള വ്യാഖ്യാനങ്ങളായിരുന്നു. കോടതിവിധികള്‍ക്ക് അദ്ദേഹം മാനുഷികമുഖം നല്‍കി. പാവപ്പെട്ടവരുടെ തണല്‍മരമായിരുന്ന അദ്ദേഹം, കേരളത്തിന്‍െറ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം ഇടപെടല്‍ നടത്തി. പാവപ്പെട്ടവരുടെ തണല്‍ മരമായിരുന്നു കൃഷ്ണയ്യര്‍.
സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്
ജസ്റ്റിസ് കൃഷ്ണയ്യര്‍ ദീര്‍ഘദര്‍ശിയായ നിയമജ്ഞനായിരുന്നു. അദ്ദേഹത്തിന്‍െറ വിയോഗം രാജ്യത്തിന് മൊത്തത്തില്‍ വന്‍ നഷ്ടമാണ്. തന്‍െറ നീതിന്യായ ജീവിതത്തിലുടനീളം സാമൂഹിക നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. ചരിത്ര പ്രാധാന്യമുള്ള പല വിധികളും അദ്ദേഹം നടത്തി. അദ്ദേഹത്തിന്‍െറ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍
എക്കാലത്തും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച അഭിഭാഷകനായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍. അഭിഭാഷകവൃത്തി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായി അദ്ദേഹം സമൂഹത്തിനുവേണ്ടി ജീവിച്ചു.
എ.കെ. ആന്‍റണി
പൊതുസമൂഹത്തിന്‍െറ ഉറച്ച ശബ്ദമായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. നിയമവ്യവസ്ഥയെ സാധാരണക്കാര്‍ക്ക് വേണ്ടി എങ്ങനെ വിനിയോഗിക്കാമെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിച്ചു. ജനകീയ വിധികള്‍ പ്രസ്താവിക്കുന്നതില്‍ മറ്റ് ജഡ്ജിമാര്‍ക്ക് അദ്ദേഹം മാതൃക കാണിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
നീതിയുടെ ഗോപുരമാണ് രാജ്യത്തിന് നഷ്ടമായത്. ആ ഗോപുരം ഇന്നില്ല. കേരളത്തിന് തീരാ നഷ്ടമാണത്.
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്‍കിയ മഹോന്നതനായ നിയമജ്ഞനായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. ജനലക്ഷങ്ങളിലേക്ക് പുരോഗമനാശയങ്ങളും സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയും കൈമാറുന്നതില്‍ അദ്ദേഹം വിജയിച്ചു. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗമെന്ന നിലക്ക് മൗലികവും സര്‍ഗാത്മകവുമായ സംഭാവനകള്‍ അദ്ദേഹം നല്‍കി. കൃഷ്ണയ്യരുടെ വിയോഗം ഇന്ത്യക്കാകെയും കേരളത്തിന് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.