തിരുവനന്തപുരം: പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ്8 സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യല്‍ സ്ഥാപനങ്ങളെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.അഴിമതി ഉള്‍പ്പെടെ എല്ലാ ക്രിമിനല്‍ കേസുകളിലെയും പ്രതികളെ സംരക്ഷിക്കാന്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് കുറ്റവാളികളുടെ വിചാര വികാരങ്ങളാണുള്ളതെന്നും വി.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പാമോയില്‍ കേസ് പിന്‍വലിച്ചതും, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ കേസ് പിന്‍വലിച്ചതും, ഐ.എ.എസ്. ഉദ്യോഗസ്ഥനെ കരിഓയില്‍ ഒഴിച്ച കേസിലെ പ്രതികളുടെ കേസ് പിന്വിലിക്കാന് തീരുമാനിച്ചതുമൊക്കെ ഇതാണ് തെളിയിക്കുന്നത്.
പാമോയില്‍ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ പ്രമോഷന് നല്കി ചീഫ് സെക്രട്ടറിയാക്കാന്‍ നിയമതടസമില്ലന്നൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ ഏതാനും ദിവസം മുമ്പാണ് ഈ കേസില്‍ ജിജി തോംസണിന്‍െറ വിടുതല്‍ ഹര്‍ജി ഹൈകോടതി തള്ളിയത്. ജിജി തോംസണ്‍ കേസില്‍ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നതിനാലാണ് ഹൈകോടതി ഹര്‍ജി തള്ളിയതെന്നും വി.എസ് വ്യക്തമാക്കി.
പാമോയില്‍ കേസില്‍ എഫ്.ഐ.ആര് സുപ്രീം കോടതി ശരിവെച്ച കാര്യംചൂണ്ടിക്കാട്ടി പി.ജെ.തോമസിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ ഇതു മറച്ചുവച്ച്, 2011 ലെ വിധി വരുതിനു മുമ്പ് പിജെ തോമസിനെ ചീഫ് സെക്രട്ടറിയാക്കിയ കാര്യം പറഞ്ഞാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാടിനെ ന്യായീകരിക്കുന്നതെന്നും വി.എസ്. ചൂണ്ടിക്കാട്ടി.
Comments