ആലപ്പുഴ: കായംകുളത്ത് വീണ്ടും പുനര്‍ മതപരിവര്‍ത്തനം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ചു കുടുംബങ്ങളിലെ 27 പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് വി.എച്ച്.പി അവകാശപ്പെട്ടു. പുതുപ്പള്ളി വാരാണപ്പള്ളിക്കു സമീപമുള്ള കുടുംബക്ഷേത്രത്തില്‍ വെച്ചാണ് മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്. ചെട്ടിക്കുളങ്ങര പ്രദേശത്തുനിന്നുള്ള ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരാണ് പുന:പരിവര്‍ത്തനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മതം മാറിയവരുടെ വിവരങ്ങള്‍ നല്കാന് വി.എച്ച്.പി തയാറായിട്ടില്ല.
ഇതിനുമുമ്പ് മൂന്ന് മുസ്ലിം കുടുംബങ്ങളിലെ 11 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന് സംഘടന അവകാശവാദം നടത്തിയിരുന്നു. കായംകുളത്തെ രണ്ടും ആറാട്ടുപുഴയിലെ ഒന്നും കുടുംബങ്ങളിലെ അംഗങ്ങള്‍ മതംമാറിയെന്നാണ് വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂര്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. കായംകുളം പുതുപ്പള്ളി കിഴാവൂര്‍ യക്ഷിയമ്മന് ക്ഷേത്രത്തില്‍ നടന്ന മതംമാറ്റ ചടങ്ങിന്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അന്വേഷണത്തിലും പൊലീസിന് മതംമാറിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
Comments