കോട്ടയം: ധനമന്ത്രി കെ.എം മാണി രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ മകന് ജോസ് കെ. മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ സി.എഫ് തോമസിനെ പോലെ മൂത്തുപഴുത്ത നേതാക്കളുണ്ട്. ജോസ് കെ. മാണി പിഞ്ചില മാത്രമാണ്. പാര്‍ട്ടിയില്‍ വളരെ മുതിര്‍ന്ന എം.എല്‍.എമാര്‍ ഉള്ളപ്പോള്‍ എം.പിയായ ജോസ്.കെ മാണിയെ മന്ത്രിയാക്കേണ്ട ആവശ്യമില്ലെന്ന് പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഉണ്ട്. ജോസ് കെ.മാണി മന്ത്രിയാകണമെന്ന് മാണി പറഞ്ഞാലും അംഗീകരിക്കാനാവില്ല. കേരള കോണ്‍ഗ്രസ് ആരുടെയും കുടംബ സ്വത്ത് അല്ല. ജോസ് കെ.മാണി സിന്ദാബാദ് എന്നുവിളിക്കാമെന്ന് പറഞ്ഞല്ല താന്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദേഴ്സ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കേസില്‍ കെ.എം മാണി രാജിവെക്കേണ്ട രാഷ്ട്രീയമോ ധാര്‍മികമോ ആയ ആവശ്യമില്ല. മാണിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നു. മാണിക്കു പിന്നില്‍ കേരള കോണ്‍ഗ്രസ് ഒറ്റകെട്ടായി നില്‍ക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞു.
ബിജു രമേശിന്റെ ആരോപണം തള്ളിക്കളയുന്നു. കേരളം കണ്ട ഏറ്റവും വലിയ മദ്യദുരന്തമായ വൈപ്പിന്‍ വ്യാജമദ്യ ദുരന്തത്തിന് ഉത്തരവാദിയായ വ്യക്തിയുടെ മരുമകനാണ് മാണിക്കെതിരെ ആരോപണമുയര്‍ത്തിയ ബിജു രമേശ്. തിരുവനന്തപുരം കോര്പറേഷന് കമ്പനി അനുവദിച്ച വിലയേക്കാള്‍ കുറഞ്ഞ വിലക്ക് പെട്രോള്‍ വിറ്റ് കാശുണ്ടാക്കിയ ആളാണ് ബിജുവിന്റെ പിതാവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
Comments