തിരുവനന്തപുരം: പി.സി ജോര്‍ജ് പറയുന്നത് ആരും ഗൗരവമായി എടുക്കേണ്ടെന്ന് വ്യംഗ്യമായി കെ എം മാണി. ജോര്‍ജിന്റെ ശൈലി നിങ്ങള്‍ക്ക് അറിയില്ലേ? ഞാന്‍ രാജി വെച്ചാല്‍ എന്ന വിഷയം ഒരാവശ്യവും ഇല്ലാതെ ഉയര്‍ത്തിയതാണ്. ജോര്‍ജിന്റെ വിഷയം നമ്മള് എടുത്താല്‍ പറയുന്നതിന്റെ ഗൗരവം പോകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തോട് കെ എം മാണി പ്രതികരിച്ചു.
ജോര്‍ജ് പലതും പറയും. എന്നോട് വിരോധമൊന്നും ഇല്ല. നല്ലൊരു പാര്‍ട്ടി മെമ്പറാണ്. ജോസ് കെ മാണിയെ പാര്‍ട്ടി തലപ്പത്ത് കൊണ്ടു വരാന്‍ അത്ര വിഡ്ഢിയാണോ ഞാന്‍? വേറെ എത്ര മുതിര്‍ന്ന നേതാക്കളുണ്ട്. ജോസ് കെ. മാണി വരേണ്ട സമയത്ത് വരേണ്ട സ്ഥാനത്ത് വരും. അതിനു എന്റെ സഹായം വേണ്ട. കേരളാ കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയം ഇല്ലെന്നും മാണി പറഞ്ഞു.
പണം എണ്ണുന്ന യന്ത്രം എന്റെ വീട്ടില്‍ ഉണ്ടോ എന്ന് പാലാക്കാര്ക്കറിയാം. ശത്രു സ്നേഹി എന്നാണ് പാലായില്‍ ഞാന്‍ അറിയപ്പെടുന്നത്. കെ എം മാണി ആരെയും വേദനിപ്പിക്കുന്ന ആളല്ല.
പരസ്പര വിരുദ്ധ ആരോപണങ്ങളാണ് എനിക്കെതിരെ ഉന്നയിച്ചത് . ആദ്യം 10 ലക്ഷമെന്നു പറഞ്ഞു. പറഞ്ഞു പറഞ്ഞു 30 കോടിയിലെത്തി. ആരോപണം ഉന്നയിച്ച ശേഷമാണ് മദ്യവ്യാപാരി ശബ്ദരേഖ ഉണ്ടാക്കിയത്. ആ പ്രക്രിയ തുടരുന്നു. ബ്ലാക്ക് മെയില്‍ കച്ചവടം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുകയാണ്. മീഡിയ ദുരാരോപണങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും മാണി പറഞ്ഞു.
Comments