പ്രതിപക്ഷ ബഹളത്തിനിടെ വോട്ട് ഓണ്‍ അക്കൗണ്ട് ശബ്ദവോട്ടോടെ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുദ്രാവാക്യം മുഴക്കിയാണ് രാവിലെ പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി. സഭാ നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സുപ്രധാന ബില്ലുകള്‍ സഭയുടെ മേശപ്പുറത്തുവെക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്കി. തുടര്‍ന്നാണ് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചകൂടാതെ ശബ്ദവോട്ടോടെ പാസാക്കിയത്.അഞ്ച് എം എല്‍ എമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും വിനിതാ എം എല്‍ എമാരെ ആക്രമിച്ച യു ഡി എഫ് അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് അവതരിപ്പിച്ച ദിവസം സഭയില്‍ നടന്ന സംഭവങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും തെറ്റുചെയ്തവര്ക്കെതിരായ നടപടി ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വനിതാ എം എല്‍ എമാരെ ആക്രമിച്ചുവെന്ന പരാതിയില്‍ വിഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments