You are Here : Home / News Plus

അഞ്ചാം തവണയും ആസ്ട്രേലിയക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം

Text Size  

Story Dated: Sunday, March 29, 2015 04:24 hrs UTC

 ലോക ക്രിക്കറ്റ് കിരീടം കിവികളെ ചുണ്ടിലൊതുക്കാന്‍ അനുവദിക്കാതെ കംഗാരുക്കള്‍ സഞ്ചിയിലാക്കി. ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് ആസ്ട്രേലിയക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം. അഞ്ചാം തവണയാണ് ആസ് േട്രലിയ കിരീടം സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് കിവീസ് ഉയര്‍ത്തിയ 184 എന്ന വിജയലക്ഷ്യം 33.1 ഓവറില്‍ ഓസീസ് മറികടന്നു. വിടവാങ്ങല്‍ മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റന്‍ മൈകല്‍ ക്ളാര്‍ക്ക് 74 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ ന്യൂസിലന്‍ഡ്: 183 (45 ov)
ആസ് േട്രലിയ: 186/3 (33.1 ov)
ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഓപണര്‍ ആരോണ്‍ ഫിഞ്ച് റണ്ണെടുക്കാതെ പുറത്താവുകയായിരുന്നു. ആക്രമിച്ചു കളിച്ച ഡേവിഡ് വാര്‍ണര്‍ 45 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ അടിക്ക് ശ്രമിച്ച വാര്‍ണറെ ഏലിയട്ട് പിടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച ക്ളാര്‍ക്കും സ്മിത്തും ന്യൂസിലന്‍ഡിന് പഴുതുകള്‍ നല്‍കിയില്ല. ന്യൂസിലന്‍ഡ് ബൗളിങ്ങിനെ നന്നായി അറിയാവുന്ന ഇരുവരും കരുതലോടെയാണ് ബാറ്റ് വീശിയത്.
56 റണ്‍സെടുത്ത സമിത്ത് കാര്‍ക്കിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു. ജയിക്കാന്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ ക്ളാര്‍ക്ക് മാറ്റ് ഹെന്‍ട്രിയുടെ പന്തില്‍ ക്ളാര്‍ക്ക് ബൗള്‍ഡായി. കളി അവസാനിക്കുമ്പോള്‍ സ്മിത്തും വാട്സണുമായിരുന്നു ക്രീസില്‍. ന്യൂസിലന്‍ഡനുവേണ്ടി മാറ്റ് ഹെന്‍ട്രി രണ്ടും സൗത്തി ഒന്നും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ് സ്കോററായിരുന്ന ഗ്രാന്‍ഡ് എലിയട്ടാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. ഏലിയട്ട് 82 പന്തില്‍ 83 റണ്‍സെടുത്തു.
സമ്മര്‍ദ്ദമില്ലാതെ വന്‍ സ്കോര്‍ പടുത്തുയര്‍ത്താനാണ് മക്കല്ലം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ മക്കല്ലത്തിന്‍െറ തന്നെ വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക് തകര്‍ത്തു. ഇന്നിങ്സിന്‍െറ മൂന്നാം പന്തില്‍ മക്കല്ലത്തെ സ്റ്റാര്‍ക് ക്ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് കയറി അടിക്കാനാണ് മക്കല്ലം ശ്രമിച്ചത്. മക്കല്ലത്തിന്‍െറ കൂടെ ഓപണിങ്ങിനിറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായി. 34 പന്തുകളാണ് ഗപ്റ്റില്‍ നേരിട്ടത്. സാധാരത്തേതില്‍ നിന്ന് നേരത്തെ ബൗള്‍ ചെയ്ത മാക്സ് വെലാണ് ഗപ്റ്റിലിനെ പുറത്താക്കിയത്. പിന്നാലെയത്തെിയ കെയ്ന്‍ വില്യംസണ്‍ 33 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്.
അതിനുശേഷം ഒന്നിച്ച ഗ്രാന്‍ഡ് എലിയട്ടും റോസ് ടെയ് ലറും വിക്കറ്റ് പോവാതെ കിവീസിനെ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍െറ നട്ടെല്ലാവുകയായിരുന്നു ഇരുവരുടെയും ബാറ്റിങ്. 72 പന്തില്‍ 40 റണ്‍സെടുത്ത ടെയ് ലര്‍ പുറത്തായതോടെ കിവീസ് തകരുകയായിരുന്നു. ജെയിംസ് ഫോള്‍ക്നറാണ് ടെയ് ലറെ പുറത്താക്കിയത്. പിന്നീടത്തെിയ കോറി ആന്‍ഡേഴ്സണെയും ഫോള്‍ക്നര്‍ പുറത്താക്കി. കിവീസിന്‍െറ പ്രതീക്ഷയായിരുന്ന ഏലിയട്ടിന്‍െറ വിക്കറ്റും ഫോള്‍ക് നറിനായിരുന്നു.  ഓസീസിനുവേണ്ടി ഫോള്‍ക്നറും മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ടും മാക്സ് വെല്‍ മൂന്നും  വിക്കറ്റ് വീഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.