You are Here : Home / News Plus

ബാര്‍ കോഴക്കേസിന്‍െറ അന്വേഷണത്തില്‍ രണ്ട് തരം നീതി ഉണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, April 02, 2015 05:39 hrs UTC

 
തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്‍െറ അന്വേഷണത്തില്‍ രണ്ട് തരം നീതി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരെ കേസെടുത്തത് സംബന്ധിച്ച് രാഷ്ട്രീയമായി മാത്രമല്ല നിയമപരമായും രണ്ട് അഭിപ്രായമുണ്ട്. അന്വേഷണത്തിന്‍റെ ഒരുഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന കെ.എം മാണിയുടെ ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് വീണ്ടും ആരോപണമുന്നയിച്ചിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇടക്കിടെ ആരോപണങ്ങളുന്നയിക്കാനാണ് ബിജു രമേശ് ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ തന്ത്രം യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി മാണിക്കെതിരെ ആരോപണങ്ങളുന്നയിക്കുകയാണ്. ആരോപണങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും ആരും ഇതുവരെ നല്‍കിയിട്ടില്ല. ആരോപണമുന്നയിക്കുന്നവര്‍ തെളിവ് നല്‍കട്ടെ. ബിജു രമേശ് നല്‍കിയെന്നു പറയുന്ന കാസറ്റില്‍ ഒന്നുമില്ല. അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാറിനെ സംശത്തിന്‍െറ മുള്‍ മുനയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല. അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാണ് അത് തെളിയിക്കേണ്ടത്. നാഥനില്ലാത്ത ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് പ്രതിപക്ഷമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘സോളാര്‍ കേസില്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും തെളിവ് നല്‍കിയില്ല. അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ ആദ്യം ബഹിഷ്കരിച്ചൂ. തെളിവ് ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയപ്പോള്‍ പത്രവാര്‍ത്തകള്‍ നല്‍കി ഇറങ്ങിപ്പോയി. ദേശീയ ഗെയിംസിനെതിരെയും ഇതുപോലെ അഴിമതി ആരോപണം നടത്തി. മാതൃകാപരമായി ചെലവുകുറച്ചും സുതാര്യവുമായാണ് ഗെയിംസ് നടത്തിയത്്. ഗെയിംസ് സംബന്ധിച്ച് അഴിമതി ആരോപിച്ചവര്‍ പിന്നീട് അത് ഉപേക്ഷിച്ച് പോയി. ഇത് ജനം തിരിച്ചറിയുമെന്ന് പ്രതിപക്ഷം ഓര്‍ക്കണം’ -ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണിക്കും മറ്റ് മന്ത്രിമാര്‍ക്കും രണ്ട് നീതി ഉണ്ടാവില്ല. സര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രിയാണ് അദ്ദേഹം. യു.ഡി.എഫ് അദ്ദേഹത്തിന് പിന്നല്‍ ഒറ്റക്കെട്ടാണ്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.