You are Here : Home / News Plus

ബാര്‍ കോഴ:അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, April 03, 2015 03:44 hrs UTC

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷിക്കുന്ന ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമാണ് ഉള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി എന്ന നിലക്ക് തന്‍െറ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ബാര്‍കോഴ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായത്. എന്നാല്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതോടെ ആശയക്കുഴപ്പം മാറി. ചില വിഷയങ്ങളില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഹൈകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് വിജിലന്‍സ് മുന്നോട്ടുനീങ്ങുന്നത്. ലളിതകുമാരി കേസ് അടിസ്ഥാനമാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിജിലന്‍സ് വിശ്വാസ്യതയുള്ള സ്ഥാപനമാണ്. അത് അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മൂന്ന് മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന് ഊമക്കത്തിന്‍െറ സ്വഭാവമാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴയില്‍ തനിക്കെതിരെ കേസ് എടുക്കേണ്ടതില്ലായിരുന്നു എന്ന മന്ത്രി കെ.എം മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കേസ് എടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം നിയമ-രാഷ്ട്രീയ തലങ്ങളില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. വിഷയത്തില്‍ ആഭ്യന്തര വകുപ്പിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ലളിതകുമാരി കേസ് എന്തുകൊണ്ട് ബാധകമാകുന്നില്ല എന്ന് വിജിലന്‍സിനോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.