കോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുത്തതിന് ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായം തന്നെയാണ് തനിക്കും. ചെന്നിത്തലയുമായി അഭിപ്രായവ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം അന്വേഷണ ഉദ്യോഗസ്ഥരുടേതാണെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ പറഞ്ഞു. കേസെടുത്തതില്‍ രണ്ടഭിപ്രായമുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ അത് താനും രമേശും തമ്മിലല്ല. തന്‍െറ പ്രസ്താവന തെറ്റായി വളച്ചൊടിക്കാന്‍ ആരും നോക്കേണ്ട. രമേശ് ചെന്നിത്തലയുമായി അഭിപ്രായ വ്യത്യസ്തങ്ങളുണ്ടെന്ന പ്രചാരണം മാധ്യമങ്ങളുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണിക്കെതിരെ കേസെടുത്തതില്‍ രണ്ടഭിപ്രായമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര വകുപ്പിന്‍െറ നടപടിയെ തള്ളി മാണിയെ പിന്തുണച്ചതിനെതിരെ ഐ. ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.
ലളിതകുമാരി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ കേസെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പരാമര്‍ശിക്കാതെ മാണിയെ പിന്തുണച്ചത് ശരിയായില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി.
Comments